പന്തളം പിഎച്ച്‌സിക്ക് സമീപം വീണ്ടും ഭൂമി കയ്യേറ്റമെന്നാരോപണം; കയ്യേറ്റത്തിനു സിപിഎം പിന്തുണയെന്ന് ആക്ഷേപം

alp-landപന്തളം: പന്തളം നഗരസഭയുടെ അധീനതയില്‍ കടയ്ക്കാട്ട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം വീണ്ടും ഭൂമി കയ്യേറ്റമെന്നാരോപണം. പിഎച്ച് സിയിലേക്കുള്ള പാതയുടെ വലത് ഭാഗത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന് കയ്യേറ്റം നടക്കുന്നതായി പരാതിയുയര്‍ന്നത്. അധികൃതരുടെ കണ്ണ് വെട്ടിക്കാന്‍ സ്ഥലത്തിന്റെ റോഡിനഭിമുഖമായ ഭാഗത്ത് അലൂമിനിയം ഷീറ്റ് സ്ഥാപിച്ച് മറച്ച ശേഷമാണ് മണ്ണിട്ട് നികത്തിയത്.

മുട്ടാര്‍ നീര്‍ച്ചാലിന്റെ ഭാഗമായ ചാലിന്റെ മഠത്തില്‍പടി ഭാഗം മണ്ണിട്ട് നികത്താനും ശ്രമമുണ്ടെന്ന് പറയുന്നു. പരാതികളെ തുടര്‍ന്ന് മണ്ണിട്ട് നികത്തല്‍ റവന്യൂ വകുപ്പ് തടഞ്ഞു. കുരമ്പാല വില്ലേജ് ഓഫീസര്‍ കെ.എന്‍.അനില്‍കുമാറിന്റെ നേതൃ ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പണികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്കുകയായിരുന്നു. ജെസിബി അടക്കമുള്ള വാഹനങ്ങള്‍ പോലീസ്  കസ്റ്റഡിയിലെ ടുക്കുകയും ചെയ്തു. എന്നാല്‍, റവന്യൂ വകുപ്പ് ഉത്തരവ് പതിച്ച നോട്ടീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെ കയ്യേറ്റ മാഫിയ കീറിക്കളഞ്ഞതായും പരാതിയുയര്‍ന്നു. സ്ഥലത്തെ കയ്യേറ്റത്തിന് സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പിന്തുണയുള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

ആരോപണവിധേയനായ സ്വകാര്യവ്യക്തിക്ക് ഈ ഭാഗത്ത് 60 സെന്റിലധികം നിലമുള്ളതായി പറയുന്നു. കിളികൊള്ളൂര്‍ പുഞ്ചയുടെ ഭാഗമായ നിലം നികത്തുന്നതും തൊട്ടുചേര്‍ന്ന ചാലിന്റെ ഭാഗം കയ്യേറുന്നതുമാണ് പരാതിക്ക് ആധാരം. പിഎച്ച്‌സിക്ക് ചുറ്റുവട്ടമായി ഭൂമി കയ്യേറ്റം, മണ്ണിട്ട് നികത്തല്‍ പരാതികള്‍ ഏറെയുയര്‍ന്നിരുന്നു. പിഎച്ച്‌സിയുടെ സ്ഥലം തന്നെ അടുത്തയിടെയാണ് അളന്നു തിട്ട പ്പെടുത്തിയത്.

സ്ഥലത്ത് സ്വകാര്യവ്യക്തി നിര്‍മിച്ച കടമുറി പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. പിഎച്ച്‌സിയിലേക്ക് മാത്രമുള്ള റോഡാണെന്ന്, ഇതിനായി സ്ഥലം നല്കിയവരുമായുണ്ടാക്കിയ  ആദ്യ കരാറിലുണ്ടായിരുന്നെങ്കിലും റോഡിന്റെ വശത്തുടനീളം സ്വകാര്യവ്യക്തികള്‍ കടമുറികളും വീടുകളും നിര്‍മിച്ച് ഉപയോഗിച്ചു വരികയാണെന്നും ആക്ഷേപമുണ്ട്.

Related posts