പന്തളം: പന്തളം നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഇരിപ്പിടത്തിനായുള്ള യുഡിഎഫിന്റെ ‘പോരാട്ടം’ ഇന്നലെയും തുടര്‍ന്നു. രാവിലെ 11.30ന് തുടങ്ങിയ യോഗം വൈകുന്നേരം അഞ്ചിനു അവസാനിക്കുന്നത് വരെ യുഡിഎഫിലെ 11 അംഗങ്ങളും തറയില്‍ കടലാസ് വിരിച്ച് അതിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം മുന്‍കൂട്ടി കണ്ട ഭരണപക്ഷം അവരുടെ കസേരകള്‍ ഒഴിഞ്ഞു നല്‍കിയതോടെ യുഡിഎഫ് പ്രതിഷേധം തുടക്കത്തില്‍ തന്നെ തണുത്ത മട്ടിലായിരുന്നു. യോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ യുഡിഎഫിലെ 11 പേര്‍ക്കായി അത്രയും കസേരകള്‍ ഒഴിച്ചിട്ടാണ് ഭരണപക്ഷം ഇരുന്നത്.
നടുത്തളത്തില്‍ വേറെ കസേരകള്‍ ക്രമീകരിച്ച് അവയില്‍ ഭരണപക്ഷവും ഇരുന്നു. ഇതിനിടയില്‍ യുഡിഎഫ് അംഗങ്ങളെത്തി. പ്രതിപക്ഷത്തിനായി തങ്ങളുടെ കസേരകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്നും അതിലിരിക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടതോടെ പ്രതിഷേധ നീക്കം പാളിയ നിലയിലായി യുഡിഎഫ് അംഗങ്ങള്‍. ഭരണപക്ഷത്തിന്റെ ആവശ്യപ്രകാരം അവരുടെ കസേരയിലിരുന്നാല്‍ പ്രതിഷേധം പൊളിയുമെന്നായി.
ഇതോടെ, ഭരണപക്ഷത്തിന്റെ നിര്‍ദേശം അവഗണിച്ച്, തങ്ങള്‍ക്കായി ഒഴിച്ചിട്ടിരുന്ന കസേരകള്‍ തള്ളി മാറ്റി അവിടെ കടലാസ് വിരിച്ച് യുഡിഎഫ് അംഗങ്ങള്‍ അതിലിരുന്നു. ഇതിനെ ചൊല്ലി ഏറെ നേരം വാഗ്വാദവും നടന്നു. കരാര്‍ പ്രകാരമുള്ള കസേരകള്‍ നിര്‍മാണത്തിലാണെന്നും അവയുടനെത്തിക്കുമെന്നും ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി അറിയിച്ചു. എന്നാല്‍, ഇതെ വിഷയം പല തവണ ചര്‍ച്ച ചെയ്തിരുന്നുവെന്നും ചെയര്‍പേഴ്സന്റെ കസേര മാറ്റി പ്രതിഷേധിക്കുന്നത് വരെ കാര്യങ്ങളെത്തിയിട്ടും ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.