പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്യു നേതാവിനു പരിക്ക്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും കെഎസ്യു പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ആനന്ദ് അരവഞ്ചാലിനാണു പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കോളജിലെ പാര്‍ക്കിംഗ് ഏരിയയിലാണ് അക്രമമുണ്ടായത്. ആനന്ദിന്റെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കേറ്റിറ്റുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണു പരാതി. സംഭവത്തില്‍ പ്രതിഷേധിച്ചു കല്യാശേരി, പയ്യന്നൂര്‍ ബ്ലോക്കിലെ കലാലയങ്ങളില്‍ ഇന്നു കെഎസ്യുവിന്റെ നേതൃത്വത്തില്‍ പഠിപ്പുമുടക്കി സമരം നടത്തും.
പരീക്ഷ നടക്കുന്നതിനാല്‍ സ്കൂളുകളെ സമരത്തില്‍ നിന്നൊഴിവാക്കിയതായി കെഎസ്യു ഭാരവാഹികള്‍ പറഞ്ഞു. പയ്യന്നൂര്‍ കോളജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ കുറച്ചുദിവസം മുമ്പുവരെ കോളജ് അടച്ചിട്ടിരിക്കുകയായിരുന്നു. കോളജിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ നിരന്തരമായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിന്റെ പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടേയും കോളജിലെ ചില അധ്യാപകരുടേയും നിഗൂഡശ്രമമാണെന്നും കെഎസ്യു കുറ്റപ്പെടുത്തി.
കോളജിലെ അധ്യാപികയുടെ കാര്‍ തകര്‍ത്തതടക്കം അഞ്ചോളം സംഭവങ്ങളാണ് അടുത്ത ദിവസങ്ങളില്‍ കോളജില്‍ അരങ്ങേറിയതെന്നും കോളജിന്റെ സുഗമമായ നടത്തിപ്പ് അവതാളത്തിലാക്കുന്ന തരത്തില്‍ എസ്എഫ്ഐ രാഷ്ട്രീയ ഫാസിസമാണു ടപ്പാക്കുന്നതെന്നും കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ജയരാജ് കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ നിരന്തരമുണ്ടായിട്ടും ഇതിനു പരിഹാരം കാണേണ്ട കോളജ് മാനേജ്മെന്റ് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.