പയ്യോളി: ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. കനത്ത മഴയായതിനാല്‍ മാലിന്യം ഒഴുകി പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. മാലിന്യത്തില്‍നിന്നും ഉണ്ടാകുന്ന കൊതുകുശല്യവും പ്രദേശത്ത് നിലനില്ക്കുന്നു. ടാങ്ക് നിറഞ്ഞതുകാരണം കംഫര്‍ട്ട് സ്റ്റേഷന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന പയ്യോളി ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര അടച്ചിട്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പയ്യോളി നഗരസഭയിലെ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് മൂത്രമൊഴിക്കാന്‍ ഹോട്ടലുകാരുടെ കാരുണ്യം തേടേണ്ട അവസ്ഥയിലാണ്. മൂന്ന് വര്‍ഷമായി ടാങ്കിലെ മാലിന്യം നീക്കം ചെയ്തിട്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് വനിതാ വികസന കോര്പറേഷന് സ്ത്രീകള്‍ക്കായി നിര്‍മിച്ച ഷീ ടോയ്ലറ്റിന്റെ മാലിന്യം ഒഴുകാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത് ഈ ടാങ്കിലേക്ക് തന്നെയാണ്. ഷീ ടോയലെറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും.
കംഫര്‍ട്ട് സ്റ്റേഷന് ലേലത്തിനെടുത്തവര്‍ നഗരസഭയുമായി ബന്ധപ്പെട്ടപ്പോള്‍ മാലിന്യം നീക്കംചെയ്യാനുള്ള നടപടികള്‍ നടത്തിപ്പുകാരാണ് ചെയ്യേണ്ടത് എന്ന മറുപടിയായിരുന്നു ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. മാലിന്യം നീക്കം ചെയ്യാന്‍ വേണ്ട പണം മുടക്കാന്‍ നടത്തിപ്പുകാര്‍ തയാറാണെന്നും എന്നാല്‍ മാലിന്യം നീക്കം ചെയ്യുന്ന സ്വകാര്യ വ്യക്തികളോ സംവിധാനങ്ങളോ നിലവില്‍ ഇല്ലെന്നും അതിനാല്‍ കോഴിക്കോട് നഗരസഭയുമായി ചേര്‍ന്ന് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് പയ്യോളി നഗരസഭ മുന്‍കൈയെടുക്കണമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ നഗരസഭയ്ക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന മറുപടി. കൊയിലാണ്ടിയില്‍ മലമ്പനി പോലുള്ള അസുഖങ്ങള്‍ പിടിപെട്ട് നിരവധി പേരാണ് ചികിത്സ തേടിയിരിക്കുന്നത്. പയ്യോളി ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ടാങ്കിലെ മാലിന്യം നീക്കം ചെയ്യാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മാരകമായ രോഗങ്ങളുടെ പിടിയിലാകും പയ്യോളിയും.