പെരുമ്പാവൂര്‍: അധികൃതരുടെ അനാസ്ഥമൂലം വെള്ളവും വെളിച്ചവും ഇല്ലാതെ കൂവപ്പടി പഞ്ചായത്തിലെ 16-ാം വാര്‍ഡ് ഐമുറി പടിക്കലപ്പാറയിലെ ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് 15 വര്‍ഷത്തോളമായി വാടക കെട്ടിടത്തില്‍. പതിനഞ്ചോളം കുട്ടികളുള്ള ഇവിടെ വൈദ്യുതിയും വെള്ളവും ഇല്ല. ഇതുമൂലം രക്ഷിതാക്കള്‍ ഇവിടെ കുട്ടികളെ ചേര്‍ക്കുവാന്‍ മടിക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ വേനലില്‍ കുട്ടികള്‍ ചൂട് സഹിക്കവയ്യാതെ ആംഗന്‍വാടിക്കു വെളിയിലിരുന്നാണു പഠിക്കുന്നത്.
പടിയ്ക്കലപ്പാറ, റാങ്ങേത്ത് ചിറയില്‍ കെട്ടിടം പണിയാന്‍ ആവശ്യമായ പുറമ്പോക്ക് സ്ഥലമുണെ്ടങ്കിലും അധികൃതര്‍ ആവശ്യമായ നടപടി കൈകൊള്ളുന്നില്ലന്നും ആക്ഷേപമുണ്ട്. പഞ്ചായത്തും എഡിഎസും ചേര്‍ന്നു 700 രൂപയാണ് വാടകയിനത്തില്‍ നല്കുന്നതെങ്കിലും കെട്ടിടയുടമയ്ക്ക് നല്‍കേണ്ട വാടക 1,500 രൂപയാണ്. നിലവില്‍ വിദ്യാര്‍ഥികളും അധ്യാപികയും ചേര്‍ന്നാണു വാടക നല്‍കിവരുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.