തിരുവനന്തപുരം: വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയും മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന അളവിലുള്ള നമ്പര്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെയും ഹെല്‍മെറ്റ് ധരിക്കാതെയും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റിയും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരി ക്കുമെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. വാഹന നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്ന അംഗീകൃത വാഹന മോഡലുകള്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി വ്യാപകമായി ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വായുമലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നുണ്ട്.
അത്തരത്തില്‍ നിയമവിരുദ്ധമായി വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്ന വാഹനങ്ങള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കണ്ടുകെട്ടും. മോട്ടോര്‍ വാഹന നിയമം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ നാലുചക്ര വാഹനങ്ങളില്‍ മുന്നിലും പിന്നിലും 65 മില്ലീമീറ്റര്‍ നീളത്തിലും 10 മില്ലീമീറ്റര്‍ വീതിയിലും വാഹനങ്ങളുടെ നമ്പരുകള്‍ പെയിന്റ് കൊണ്ട് എഴുതി നമ്പര്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇരുചക്ര വാഹനങ്ങളുടെ മുന്‍വശത്തെ നമ്പര്‍ ബോര്‍ഡില്‍ 30 മില്ലീമീറ്റര്‍ നീളത്തിലും അഞ്ച് മില്ലീമീറ്റര്‍ വീതിയിലും പിറകുവശത്തെ നമ്പര്‍ ബോര്‍ഡില്‍ 35 മില്ലീമീറ്റര്‍ നീളത്തിലും ഏഴ് മില്ലീമീറ്റര്‍ വീതിയിലും നമ്പരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
പ്ലാസ്റ്റിക് നമ്പര്‍ ബോര്‍ഡുകളും മറ്റു വിവിധ തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകളും വച്ച് നിരത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന പിഴ ഈടാക്കും. മോട്ടോര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിക്കുന്നതു പോലുള്ള ഹെല്‍മെറ്റ് ഇരുചക്ര വാഹന റൈഡര്‍മാര്‍ ചിന്‍സ്ട്രാപ്പ് ഇട്ടു ധരിക്കേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി തിരുവനന്തപുരം സിറ്റി പോലീസ് സ്പെഷല്‍ ഡ്രൈവ് നടത്തി വരികയാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും 9497987001, 9497987002, 0471-2558731, 2558732 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.