നേമം : നഗരസഭ പാപ്പനംകോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍. കോണ്‍ഗ്രസിലെ വോട്ട് ചോര്‍ച്ച മണ്ഡലത്തില്‍ ചര്‍ച്ചയാകും. 35 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹനനെ ബിജെപി സ്ഥാനാര്‍ഥി ആശാനാഥ് പരാജയപ്പെടുത്തിയത്. 6419 പേര്‍ വോട്ട് ചെയ്തതില്‍ ബിജെപിക്ക് 2916 വോട്ടും എല്‍ഡിഎഫിന് 2881 വോട്ടും യുഡിഎഫ് അരുണ്‍ വിഷ്ണുവിന് 580 വോട്ടുമാണ് ലഭിച്ചത്.
കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച വോട്ടുപോലും നേടാനായില്ല. പാപ്പനംകോട് കൗണ്‍സിലറായിരുന്ന കെ.ചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചന്ദ്രന്റെ സഹോദരി പുത്രിയാണ് ആശാനാഥ്. കഴിഞ്ഞ തവണ ചന്ദ്രന്‍ 2519 വോട്ട് പിടിച്ച് 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎമ്മിലെ അഡ്വ.ഉണ്ണികൃഷ്ണന്‍ 2014 വോട്ടും കോണ്‍ഗ്രസിലെ രവീന്ദ്രന്‍ 866 വോട്ടുമാണ് നേടിയത്.
ബിജെപിയും സിപിഎമ്മും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന് 286 വോട്ടിന്റെ കുറവ് ഉണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്‍ കെ.മോഹനന്‍ 23 വോട്ടും ബിജെപി സ്ഥാനാര്‍ഥിയുടെ അപര ആശാ രേഖ 12 വോട്ടും നേടി. കോണ്‍ഗ്രസ് വോട്ടുകള്‍ എങ്ങോട്ടുപോയതിനെ പറ്റി ബിജെപിയും എല്‍ഡിഎഫും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തി.
തെരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും ക്രമേണ സജീവമാവുകയായിരുന്നു.കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കുവാന്‍ ജില്ലാ നേതൃത്വം വേണ്ടത്ര താത്പര്യം കാണിച്ചിരുന്നില്ല. ജില്ലാ നേതാക്കള്‍ പോലും പേരിന് ഒന്നോ രണ്ടോ തവണ മാത്രമാണ് വാര്‍ഡിലെത്തിയത്. കെപിസിസി നേതാക്കള്‍ പലരും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. നഗരസഭയുടെ നേമം മേഖലയില്‍ ഒരാള്‍ക്ക് പോലും ജയിക്കാനായില്ല, നിയമസഭ തെരഞ്ഞെടുപ്പിലും നേമം നിയോജമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതിന്റെ പരാതികള്‍ പരിഹരിക്കുവാനോ നേതൃത്വം വേണ്ടത്ര താത്പര്യം കാണിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സിപിഎമ്മിനു കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ കുടുതല്‍ ലഭിച്ചെങ്കിലും ജയിക്കാനാകാത്തതു പാര്‍ട്ടിക്കും കോര്‍പറേഷനില്‍ ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഇടതുമുന്നണിയ്ക്കും ശുഭസൂചനയല്ല നല്‍കുന്നത്. സിപിഎം ജില്ലാ നേതൃത്വവും കോര്‍പറേഷന്‍ ഭരണവും ഒന്നിച്ചാണു തെരഞ്ഞെടുപ്പു പ്രചരണം നയിച്ചത്. 200-ലധികം പുതിയ വോട്ടര്‍മാര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും ഇതിന്റെ ആനുകൂല്യം സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു ലഭിച്ചില്ല. ഈ വോട്ടുകളില്‍ ഗണ്യഭാഗവും ബിജെപിക്കു ലഭിച്ചതായാണു ഇന്നലെ വൈകുന്നേരം നടന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പു കമ്മിറ്റി വിലയിരുത്തിയത്.