പാര്‍ട്ടിക്ക് നാണക്കേട്! സിപിഐയില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതു കൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന ബിജിമോളുടെ പ്രസ്താവന; എംഎല്‍എയോട് വിശദീകരണം തേടി

bijimolതിരുവനന്തപുരം: സിപിഐയില്‍ തനിക്ക് ഗോഡ് ഫാദര്‍മാരില്ലാത്തതു കൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്.ബിജിമോളുടെ പ്രസ്താവനയില്‍ പാര്‍ട്ടി വിശദീകരണം തേടി. ബിജിമോളുടെ പ്രസ്താവന സിപിഐക്ക് കനത്ത നാണക്കേടുണ്ടാക്കിയെന്ന് പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എക്‌സിക്യൂട്ടീവ് കൂടി തീരുമാനിച്ചാണ് എംഎല്‍എയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ വിവാദമായ പ്രസ്താവന നടത്തിയത്. തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും ബിജിമോള്‍ പരസ്യമായി ഉയര്‍ത്തിയിരുന്നു. ഇതും കനത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കളായ മുല്ലക്കര രത്‌നാകരന്‍, സി.ദിവാകരന്‍ എന്നിവരെ ഒഴിവാക്കി നാല് പുതുമുഖങ്ങളെ പാര്‍ട്ടി മന്ത്രിമാരായി പ്രഖ്യാപിക്കുകയായിരുന്നു. ബിജിമോളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതുമില്ല.

Related posts