പാറപൊട്ടിക്കലും മലയിടിക്കലും തകൃതി; പുനര്‍ജനി ഗുഹ തകര്‍ച്ചാഭീഷണിയില്‍

tcr-parapottikalതിരുവില്വാമല: പാറപൊട്ടിക്കലും മലയിടിക്കലും മൂലം മധ്യകേരളത്തിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രവും പേരുകേട്ട പുനര്‍ജനി ഗുഹയും തകര്‍ച്ചാഭീഷണിയില്‍. വില്വാമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന നിരവധി ഭക്തരെത്തുന്ന വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ സമീപപ്രദേശത്താണ് യാതൊരു നിയന്ത്രണവുമില്ലാതെ പാറമടകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നത്. മലിനീകരണത്തിനും പൊടിശല്യത്തിനും ഉഗ്രശബ്ദമുളള സ്‌ഫോടനത്തിനും പുറമെ ക്ഷേത്രത്തിന്റെയും പുനര്‍ജനി ഗുഹയുടേയും നിലനില്‍പ്പു തന്നെ ആശങ്കയിലാഴ്ത്തുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം.

ശ്രീരാമ-ലക്ഷ്മണന്‍മാരുടെ പ്രതിഷ്ഠയുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ്. ക്വാറികളും ക്രഷര്‍ യൂണിറ്റുകളും ഇവിടെ സൃഷ്ടിക്കുന്ന ദുരന്തം തടയാന്‍ ഇപ്പോഴെങ്കിലും അധികൃതര്‍ ശ്രമിച്ചില്ലെങ്കില്‍ വില്വാദ്രി ക്ഷേത്രത്തിനു തന്നെ ഭീഷണിയായി മാറുമെന്നതില്‍ സംശയമില്ല.

വില്വമല, പൂതമല, മൂരിക്കുന്ന് തുടങ്ങിയവയും അതിനോടു ചേര്‍ന്നുകിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളുമെല്ലാം അധികം വൈകാതെ നഷ്ടപ്പെടുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ഖനന മേഖലയ്ക്കു സമീപം താമസിക്കുന്നവരുടെ വീടുകളിലേക്കു കരിങ്കല്‍ചീളുകളും കല്ലുകളും വന്നു പതിക്കുന്നതിനെതിരെയും വ്യാപകമായ പരാതിയുണ്ട്.ശക്തമായ കാറ്റില്‍ പൊടിശല്യവും രൂക്ഷമാണ്.ഇതിനെല്ലാം പുറമെ ടൗണിലും പരിസരത്തെ ഇടറോഡുകളിലും മെറ്റലും പാറപ്പൊടിയും കയറ്റി അമിതവേഗത്തില്‍ പായുന്ന ടിപ്പര്‍ലോറികള്‍ വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ജീവനു ഭീഷണിയാകുന്നുണ്ട്.

Related posts