വടകര: അധികൃതരുടെ കണ്ണ് വെട്ടിക്കാനും മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതിരിക്കാനും പാന്‍മസാല ഉല്‍പന്നങ്ങള്‍ കടത്തുന്നത് വെളുത്തുള്ളി പൊതിഞ്ഞ്. രൂക്ഷഗന്ധത്താല്‍ പുകയില ഉല്‍പന്നങ്ങള്‍ എളുപ്പം തിരിച്ചറിയാവുന്ന സാഹചര്യം കണക്കിലെടുത്താണ് കടത്തുകാര്‍ പുതിയ വിദ്യ സ്വീകരിച്ചിരിക്കുന്നത്.ഇന്നലെ അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മൂന്നു ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയപ്പോഴാണ് ഈ വിദ്യ പുറത്തായത്.
മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് പരിശോധനക്കിടയിലാണ് നാലര കിലോ പാന്‍മസാല ഉല്‍പന്നങ്ങളുമായി് മലപ്പുറം താനൂര്‍ തയ്യാല തയ്യുള്ളതില്‍ സൈതലവി (51), ഉത്തര്‍പ്രദേശ് കോട്ട നാഗള അമ്ര സ്വദേശി രാധാചരണ്‍ (28) എന്നിവരെ എക്‌സൈസ് പിടികൂടിയത്. കോഴിക്കോട് -കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ് ചെക്‌പോസ്റ്റില്‍ പരിശോധിക്കുമ്പോഴാണ് പാന്‍മസാല കടത്ത് പുറത്തായത്. സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വസ്തുക്കള്‍.
മംഗലാപുരത്തുനിന്നു നിന്ന് മലപ്പുറം, താനൂര്‍, കുന്ദമംഗലം എന്നിവിടങ്ങിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇവയെന്ന് പിടിയിലായവര്‍ പറഞ്ഞു. സ്കൂള്‍ പരിസരങ്ങളില്‍ വിതരണം ചെയ്യാന്‍ വേണ്ടിയുള്ളതാണ് ഇവയെന്ന് കരുതുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.വേണു പറഞ്ഞു. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍സോമസുന്ദരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിനേശന്‍, റൗഫ്, മോഹനന്‍, യാജേഷ്കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.