പിറവം: പിറവത്ത് വീണ്ടും നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊന്നു. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിബിന്‍ ജോസാണ് ഇന്ന് രാവിലെ ആറ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. പാഴൂര്‍, പോഴിമല ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായതിനേത്തുടര്‍ന്ന് നാട്ടുകാരുടെ നിരന്തരമായുള്ള പരാതിയെത്തു ടര്‍ന്നാണ് അപകടകാരികളായ തെരുവ് നായക്കളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ബിബിന്‍ ജോസ് പറഞ്ഞു.
പ്രദേശത്ത് തെരുവ് നായക്കള്‍ ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാഞ്ഞിരമരത്തിന്റെ തൊലി ചെത്തിയെടുത്തുണ്ടാക്കിയ നാടന്‍ വിഷമാണ് നായ്ക്കള്‍ക്ക് നല്‍കിയതെന്ന് ബിബിന്‍ പറയുന്നു. നേരത്തെ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജില്‍സ് പെരിയപ്പുറത്തിന്റേ നേതൃത്വത്തില്‍ പത്തോളം നായ്ക്കളെ കൊന്നിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. നായ്ക്കളെ കൊന്ന് പ്രദശിപ്പിച്ചതിനേതിരെ ഡല്‍ഹിയില്‍ വരെ പ്രതിഷേധമുണ്ടായി. ഇന്ന് കൊന്നിരിക്കുന്ന നായ്ക്കളെ പോഴിമല ഭാഗത്ത് കൂട്ടിയിട്ടിട്ടുണ്ട്. ഉടനെ ഇതിനെ മറവ് ചെയ്യുമെന്ന് ബിബിന്‍ പറഞ്ഞു.