പിറവം: കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ഒഴുകിപ്പോയിട്ടും അധികൃതര്‍ കണ്ണടക്കുന്നു. നടക്കാവ് ഹൈവേ റോഡരികില്‍ പിറവം ആശുപത്രിക്കവലയ്ക്ക് സമീപം കുന്നേല്‍പ്പള്ളിത്താഴത്താണ് കുടിവെള്ളം സമീപത്തുള്ള കാനയിലൂടെ ഒഴുക്കിക്കളയുന്നത്. ഇവിടെയുള്ള 350 എംഎം പൈപ്പിന്റെ സവര്‍ വാല്‍വ് ലീക്കായതുമൂലമാണ് കുടിവെള്ളം പുറത്തേക്ക് ഒഴുകുന്നത്. മാസങ്ങളായി കുടിവെള്ളം ഒഴുകിപ്പോകുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പലതവണ അധികൃതരെ അറിയിച്ചതാണങ്കിലും ഇവര്‍ തിരിഞ്ഞുപോലും നോക്കാറില്ല.
ആശുപത്രിക്കവല ഭാഗത്തുനിന്നും വരുന്ന ഓടയിലേക്കാണ് കുടിവെള്ളമെത്തുന്നത്. ഇവിടെയുള്ള ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളുടെ മലിന ജലം ഒഴുക്കിക്കളയുന്നത് ഈ ഓടയിലേക്കാണ്. മലിനമായ ഓടവെള്ളം ഒഴുകിപ്പോകുന്നത് ഫാത്തിമ സ്കൂള്‍ റോഡിലുള്ള വീടുകളുടെ മുന്നിലൂടെയാണ്. അസഹ്യമായ ദുര്‍ഗന്ധംമൂലം ഇവരും ദുരിതത്തിലാണ്.
പിറവം ടൗണിലേക്കും, പാലച്ചുവട് ഭാഗത്തേക്കും കക്കാട് പ്ലാന്റില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് ഇതുവഴിയെത്തുന്നത്. നാട്ടുകാരുടെ പരാതികളെ തുടര്‍ന്ന് ജനപ്രതിനിധികളടക്കമുള്ളവര്‍ വാട്ടര്‍ അഥോറ്റി അധികൃതരുമായി ബന്ധപ്പെട്ടതാണ്. ശരിയാക്കിക്കൊള്ളാം എന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകുന്നത്. വാല്‍വ് മാറ്റി സ്ഥാപിച്ചാല്‍ തകരാര്‍ പരിഹരിക്കാവുന്നതാണങ്കിലും, ഇതിനൊന്നും മെനക്കെടാന്‍ വാട്ടര്‍ അഥോറിറ്റി തയാറാകുന്നില്ല.
സമാനമായ രീതിയില്‍ ടൗണില്‍ നിരവധിയിടങ്ങളില്‍ പൈപ്പ് പൊട്ടി ഓടയിലേക്ക് വെള്ളം ഒഴുകുന്നുണ്ട്. കുടിവെള്ളം കിട്ടാക്കനിയായി പിറവത്തുപോലും ധാരാളം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ഒഴുക്കിക്കളയുന്നത്. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കുമെന്നുള്ള വാട്ടര്‍ അഥോറിറ്റിയുടെ നോട്ടീസ് ഇക്കഴിഞ്ഞ ദിവസം പ്രസ്ദ്ധീകരിച്ചിരുന്നു. ഈ ഉത്തരവിനെ ഉത്തരവിറക്കിയവര്‍ തന്നെ അവഗണിക്കുകയാണ്.
ആശുപത്രിക്കവലയിലെ ചില സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം രാത്രി സമയത്ത് ഓടയിലേക്ക് ഒഴുക്കുന്നതായും പരാതിയുണ്ട്. സ്ഥാപനങ്ങളുടെ ഭൂമിക്കടിയിലുള്ള ടാങ്കില്‍ ശേഖരിക്കുന്ന മലിന ജലമാണ് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് പുറത്തേക്കുവിടുന്നത്. ഇതു സംബന്ധിച്ചും നാട്ടുകാര്‍ പരാതി നല്‍കിയതാണങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.