പിറവം: ലഹരി ഉത്പന്നങ്ങളുടെ വിപണനവും, ഉപഭോഗവും തടയുന്നതിനായി കര്‍ശന നടപടികളുമായി പിറവം നഗരസഭ രംഗത്തിറങ്ങുന്നു. പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ നിരോധിത ലഹരി ഉതപന്നങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ നഗരസഭ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടിയിലേക്കായിരിക്കും നീങ്ങുന്നത്. നഗരസഭ ചെയര്മാന് സാബു കെ.ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ്, എക്സൈസ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. മയക്കുമരുന്നുകളും മറ്റും വില്‍പ്പന നടത്തുവന്നവരേയും ഉപയോഗിക്കുന്നവരേയും കണ്ടെത്തുന്നതിന് 27 വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിക്കും.
അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പോലീസ്-എക്സൈസ് സംഘം സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭപ്രദേശത്തെ കലാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. തുടര്‍ച്ചയായി ക്ലാസുകളില്‍ കയറാത്ത കുട്ടികളെ കൗണ്‍സിലിംഗിനും വിധേയമാക്കും. യുവാക്കള്‍ സംഘം കൂടുന്നത് ശ്രദ്ധിക്കാനും, പോലീസ്-എക്സൈസ് സംയുക്തബീറ്റുകള് സംഘടിപ്പിച്ച് ജാഗ്രത പുലര്‍ത്താനും തീരുമാനമായിട്ടുണ്ട്. നഗരസഭ ഓഫീസില്‍ എക്സൈസ് വകുപ്പിന്റെ പരാതി പെട്ടി സ്ഥാപിക്കും. ലഹരി വില്‍പ്പന സംബന്ധിച്ചുള്ള പരാതികളും മറ്റും പൊതു ജനങ്ങള്‍ക്ക് ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.
കൂടാതെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് പോലീസ്-എക്സൈസ് അധികൃതര്‍ പിടികൂടുന്ന പ്രതികളെ രക്ഷിക്കുന്നതിനായി രാഷ്ട്രീയക്കാരും, ജനപ്രതിനിധികളും ഇടപെടില്ലെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ജനപ്രതിനിധികളായ അജേഷ് മനോഹരന്, ഐഷ മാധവന്, ജില്‍സ് പെരിയപ്പുറം, അരുണ്‍ കല്ലറയ്ക്കല്‍, മെബിന് ബേബി, സോജന് ജോര്‍ജ്, ബിബിന്‍ ജോസ്, ഉണ്ണി വല്ലയില്‍, ബെന്നി വി. വര്‍ഗീസ്, അന്നമ്മ ഡോമി, തമ്പി പുതുവാക്കുന്നേല്‍ നഗരസഭ സെക്രട്ടറി പി.ആര്. മോഹന്‍കുമാര്‍, വിവിധ കക്ഷി നേതാക്കളായ തോമസ് മല്ലിപ്പുറം, സി.കെ. പ്രകാശ്, ഉപേന്ദ്രദാസ് മുകുന്ദന്, അഡ്വ. കെ.എന്‍. സ്വാമിദാസ്, സുരേഷ് ചന്തേലില്‍, സോമന് വല്ലയില്‍, മഹേഷ് പാഴൂര്‍, ശശി മാധവന്, ജേക്കബ് തുമ്പയില്‍, എം.വി. തോമസ്. എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍ പോള്‍ കെ. വര്‍ക്കി, പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.എന്‍. വിജയന്, എഎസ്ഐ എം.സി. കുര്യാക്കോസ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.ടി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.