കോട്ടയം: പുഞ്ചപ്പാടങ്ങള്‍ വിളഞ്ഞു കൊയ്യാറായിട്ടും കൊയ്ത്തു യന്ത്രങ്ങളില്ലാതെ കര്‍ഷകര്‍ വെട്ടിലായി. വേനല്‍ മഴ വന്നതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. അതേസമയം പുഞ്ചക്കൊയ്ത്തിന് ആവശ്യത്തിന് യന്ത്രങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉത്സാഹം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ ലക്ഷങ്ങള്‍ മുടക്കി കൊയ്ത്തു യന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തി അവ പാടത്തിറക്കുന്നതില് കുറ്റകരമായ അലംഭാവമാണ് കാട്ടുന്നത്. കൊയ്ത്തു മുന്നില്‍ കണ്ട് യന്ത്രങ്ങളുടെ കുറവ് മാധ്യമങ്ങളും കര്‍ഷകരും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും തക്ക സമയത്ത് നടപടി സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. അതാണ് ഇപ്പോള്‍ കെയ്ത്ത് യന്ത്രങ്ങള്‍ ലഭിക്കാനില്ലാതെ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ 26,000, കോട്ടയം ജില്ലയില്‍ 12,500 ഹെക്ടറുകളില്‍ പുഞ്ചക്കൊയ്ത്തു തുടങ്ങിക്കഴിഞ്ഞു. നിലവില്‍ തമിഴ്നാട്ടില്‍നിന്ന് ഏജന്‍സികള്‍ എത്തിക്കുന്ന സ്വകാര്യ യന്ത്രങ്ങള്‍ ഉപയോഗിച്ചാണു കൊയ്ത്തു നടത്തിവരുന്നത്. പാടംനികത്തലിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുമ്പോഴും കര്‍ഷകര്‍ അധ്വാനിച്ചു വിളയിച്ച നെല്ല് നഷ്ടപ്പെടാതെ സമയത്ത് കൊയ്തെടുക്കാനുള്ള നടപടിയുണ്ടാകണമെന്ന് ആര്‍ക്കും താത്പര്യമില്ല.കൃഷിവകുപ്പിനു കീഴില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനും സഹകരണസംഘങ്ങളും ജില്ലാ പഞ്ചായത്തുകളും വാങ്ങിയ യന്ത്രങ്ങളേറെയും കേടായി തുരുമ്പെടുത്തു നശിക്കുകയാണ്.
കൃഷിവകുപ്പിനു കീഴില്‍ വാങ്ങിയ 150 യന്ത്രങ്ങളില്‍ 50 എണ്ണത്തില്‍ താഴെ മാത്രമെ നിലവില്‍ പ്രവര്‍ത്തനക്ഷമമായുള്ളു. കുട്ടനാട് പാക്കേജില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങാന്‍ അനുവദിച്ച തുക പൂര്‍ണമായി പ്രയോജനപ്പെടുത്തിയതുമില്ല. കേടായ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കര്‍ഷകരെ സഹായിക്കാന്‍ നേതാക്കള്‍ക്കും സംഘടനകള്‍ക്കും താല്പര്യമില്ലെന്ന് കുട്ടനാട് വികസന സമിതി സെക്രട്ടറി ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള യന്ത്രങ്ങള്‍ക്ക് നിലവില്‍ മണിക്കൂറിന് 1700 രൂപയും കായല്‍മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ 1900 രൂപയുമാണ് വാടക. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൃഷിവകുപ്പും ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും വാങ്ങിയ യന്ത്രങ്ങള്‍ കൃത്യമായി കൊയ്ത്തിനു പ്രയോജനപ്പെടുത്തിയാല്‍ മണിക്കൂറിന് 1200 രൂപ നിരക്കില്‍ കൊയ്ത്ത് നടത്താനാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
കേടുള്ള യന്ത്രങ്ങള്‍ നന്നാക്കാ തെ കൊയ്ത്തിന്റെ പേരില്‍ രാഷ്ട്രീയ ബന്ധമുള്ള ഇടനിലക്കാര്‍ ഇക്കൊല്ലവും കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. വേനല്‍മഴ തുടങ്ങിയാല്‍ മണിക്കൂറിന് രണ്ടായിരം രൂപവീതം നല്കി തമിഴ്നാട് യന്ത്രങ്ങളെ ആശ്രയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇതോടെ ചുമട്, ലോഡിംഗ് തൊഴിലാളികളും നിരക്ക് വര്‍ധിപ്പിക്കും. നേരിയ തകരാറുള്ള യന്ത്രങ്ങള്‍പോലും അതാത് സമയം നന്നാക്കി മഴയും വെയിലും ഏല്ക്കാതെ സൂക്ഷിക്കാന്‍ അധികാരികള്‍ക്ക് താത്പര്യമില്ല. ഓരോന്നിനും 25 ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ യന്ത്രങ്ങളാണു വിവിധയിടങ്ങളില്‍ തോട്ടങ്ങളിലും കുറ്റിക്കാടുകളിലും വഴിയോരങ്ങളിലും കിടന്നു തുരുമ്പെടുക്കുന്നത്.തകരാറിലായ യന്ത്രത്തിന്റെ സ്പെയര്‍ പാര്‍ട്ട്സ് സര്‍ക്കാര്‍ വിതരണം ചെയ്യാത്തതാണ് അറ്റകുറ്റപ്പണി മുടങ്ങാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അപ്പര്‍ കുട്ടനാട്ടില്‍ തലയാഴം, വെച്ചൂര്‍, ആര്‍പ്പൂക്കര, കുമരകം, കല്ലറ, അയ്മനം എന്നിവിടങ്ങളിലെ ഏക്കര്‍കണക്കിനു പാടങ്ങളിലെ നെല്ല് കൊയ്യാന്‍ പാകമായിരിക്കുകയാണ്. അപ്രതീക്ഷിതമായി വേനല്‍മഴയെത്തിയാല്‍ മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ നെല്ല് വെള്ളത്തില്‍ വീണു ചീഞ്ഞു നശിക്കുന്നുമെന്നതാണ് സ്ഥിതി. സര്‍ക്കാര്‍വക യന്ത്ര ങ്ങളാകട്ടെ പരമാവധി ആറു മണിക്കൂര്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് യന്ത്രങ്ങള്‍ രാത്രി ഏഴു മണിവരെ പ്രവര്‍ത്തിപ്പിച്ച് ഏജന്‍സികള്‍ പണമുണ്ടാക്കുന്നു. പാടശേഖരസമിതികള്‍ക്കുള്ള കൊയ്ത്ത് യന്ത്രങ്ങള്‍ കൃഷിഭവന്‍വഴി വിതരണം ചെയ്യണ മെന്നും ഇടനിലക്കാരെ ഒഴിവാക്കി അന്യസംസ്ഥാന ങ്ങളില്‍നിന്ന് യന്ത്രങ്ങള്‍ എത്തിക്കുന്നതു സര്‍ക്കാര്‍ ഏറ്റെടുക്കണെന്നും വര്‍ഷങ്ങളായി കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.