ആലപ്പുഴ: ജില്ലാ- മണ്ഡലം കമ്മറ്റികളുടെ പുന:സംഘടനയെച്ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന്റെ നടപടിയ്‌ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി പ്രവാഹം. ജില്ലാ- മണ്ഡലം കമ്മറ്റികളുടെ പുനസംഘടന വേളയിലാണ് പാര്‍ട്ടിയെ നിയന്ത്രണത്തിലാക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. നിലവില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരൊഴികെയുള്ള ജില്ലാ കമ്മറ്റി ഭാരവാഹികളെയും രണ്ട് തവണ ഔദ്യോഗിക സ്ഥാനങ്ങളിലിരുന്ന മണ്ഡലം ഭാരവാഹികളെയും മാറ്റിയാണ് പുനസംഘടനയ്‌ക്കൊരുങ്ങുന്നത്.
മണ്ഡലം തലത്തില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ക്ക് ജില്ലാ തല ഭാരവാഹിത്വം നല്‍കുകയാണ് പാര്‍ട്ടിയിലെ പതിവ്. എന്നാല്‍ ഇതിനുവിരുദ്ധമായി തങ്ങളെ അനുകൂലിക്കുന്ന നേതാക്കളെ മാത്രം ജില്ലാ ഭാരവാഹികളാക്കുകയും മണ്ഡലം തലം പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി നിറഞ്ഞു പ്രവര്‍ത്തിക്കുകയും രണ്ട് തവണയെന്ന കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്ത നേതാക്കളെ ജില്ലാ കമ്മറ്റിയംഗങ്ങളാക്കി ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പരാതിയുയര്‍ന്നിരിക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെയും ജില്ലാ ഭാരവാഹിയുടെയും നേതൃത്വത്തില്‍ നടത്തുന്ന ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
പാര്‍ട്ടി പുനസംഘടന സംബന്ധിച്ച് കഴിഞ്ഞമാസം ചെങ്ങന്നൂരില്‍ വച്ച് ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ സംബന്ധിച്ച് ധാരണയായിരുന്നു. എന്നാല്‍ ഈ ലിസ്റ്റിലുള്‍പ്പെട്ട പലരെയും വെട്ടിയാണ് സംസ്ഥാന നേതൃത്വത്തിന് ഭാരവാഹി പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സംബന്ധിച്ച് ഇതിനോടകം സംസ്ഥാന നേതൃത്വത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ നല്കിയിട്ടുണ്ട്.