പരവൂര്‍: സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനാ കാതെയാണ് പൊഴിക്കര കൊച്ചുവീട്ടില്‍ പരേതനായ ഭാസ്കരന്‍ പിള്ളയുടെ മകന്‍ ഗിരീഷ് (36) ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിലാണ് നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനായ ഗിരീഷിന് ജീവന്‍ നഷ്ടമായത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇതിലൂടെ കത്തിയമര്‍ന്നത്.ഭാര്യ പൂതക്കുളം സ്വദേശി ബിന്ദു, മക്കളായ ബിനീഷിനും ഗൗരിയ്ക്കുമൊപ്പം എന്തുചെയ്യണമെന്നറിയാതെ ദുര്‍വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.
ബിന്ദുവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ബിനീഷ് കോട്ടപ്പുറം ഹൈസ്കൂളില്‍ ആറാം സ്റ്റാന്‍ഡേര്‍ഡിലും ഗൗരി കുറുമണ്ടല്‍ എല്‍പിജിഎസില്‍ രണ്ടാം ക്ലാസിലും പഠിക്കുന്നു. 11 വര്‍ഷം മുമ്പായിരുന്നു ഗിരീഷിന്റെയും ബിന്ദുവിന്റെയും വിവാഹം.മീനഭരണി ഉത്സവ ദിവസം വൈകുന്നേരം ഭാര്യയും മക്കളുമൊപ്പം ഘോഷയാത്ര കാണാന്‍ പോയി വീട്ടില്‍ തിരികെ എത്തിയിട്ടാണ് ഗിരീഷ് രാത്രി പത്തരയോടെ കമ്പം കാണാന്‍ ക്ഷേത്രത്തിലേക്ക് പോയത്.11.45ന് ഭാര്യയെ ഫോണില്‍ വിളിച്ച് കമ്പം തുടങ്ങാന്‍ പോകുന്ന വിവരം പറയുകയും ചെയ്തു. വെടിക്കെട്ട് അപകടം നടന്ന വിവരം അറിഞ്ഞ് ഭാര്യ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ഉടന്‍തന്നെ ബന്ധുക്കള്‍ ക്ഷേത്രപരിസരത്ത് എത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ ആശുപത്രികളില്‍ പോയി നോക്കിയെങ്കിലും അവിടെയും കണ്ടില്ല. ഒടുവില്‍ വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്.അപകടത്തില്‍ കോണ്‍ക്രീറ്റ് ചീളുകള്‍ ശരീരത്ത് തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. മുഖത്തിന് പരിക്കേല്‍ക്കാഞ്ഞത് കൊണ്ട് തിരിച്ചറിയല്‍ എളുപ്പമായി.രണ്ടുവര്‍ഷം മുമ്പ് പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് ഘോഷയാത്രക്കിടെ ആനപ്പുറത്തുനിന്ന് വീണ് ഗിരീഷിന്റെ ഇടുപ്പെല്ല് പൊട്ടുകയുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദീര്‍ഘനാളത്തെ ചികിത്സയ്ക്കും തുടര്‍ന്ന് മൂന്നുമാസത്തെ വിശ്രമത്തിനും ശേഷമാണ് ഇയാള്‍ പിന്നീട് ജോലിക്ക് പോയി തുടങ്ങിയത്.
കുടുംബ വിഹിതമായി ലഭിച്ച 6.5 സെന്റ് ഭൂമിയില്‍ നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വീട് നിര്‍മാണം ഗിരീഷ് തുടങ്ങി വച്ചിരിന്നു.നഗരസഭ ആദ്യവിഹിതമായി 80,000 രൂപ നല്‍കി. സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പകൂടി എടുത്താണ് വീട് നിര്‍മിക്കാന്‍ തുടങ്ങിയത്. കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രാരംഭ ജോലികള്‍ ആരംഭിക്കവെയാണ് യുവാവിനെ ദുരന്തം കവര്‍ന്നത്.
ഗിരീഷിന്റെ വൃദ്ധമാതാവ് വസന്തകുമാരി ജീവിച്ചിരിപ്പുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കിലും മകന്റെ വേര്‍പാട് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് അവര്‍ ഇതുവരെ മുക്തയായിട്ടില്ല.ഇവരുടെ സംരക്ഷണം, മക്കളുടെ പഠനം, വീട് നിര്‍മാണം പൂര്‍ത്തിയാക്കല്‍ ഇതൊക്കെ ഇനി എങ്ങനെ നടക്കും എന്ന ആശങ്കയിലാണ് ബിന്ദു. നിര്‍മാണം നടക്കുന്ന വീടിനു പുറകിലുള്ള ചെറിയ കൂരയിലാണ് എല്ലാവരും കഴിയുന്നത്.
ഉത്സവാഘോഷത്തില്‍ പങ്കെടുക്കാന്‍ പൂതക്കുളത്ത് നിന്ന് എത്തിയ ഗിരീഷിന്റെ സഹോദരി ഗിരിജയും ഇവര്‍ക്കൊപ്പമുണ്ട്. ബിനീഷും ഗൗരിയും ഒന്നുമറിയാതെ അച്ഛനെ സംസ്കരിച്ച സ്ഥലത്തു നിന്ന് കളിക്കുന്നു. ഈ കുരുന്നുകളെ വിട്ട് വീട്ടില്‍ പോകാന്‍ മനസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഗിരിജ വിതുമ്പി. ഇതുകേട്ട് ബിന്ദുവിനും കണ്ണീരടക്കാനായില്ല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ പതിനായിരം രൂപ ഇവര്‍ക്ക് ലഭിച്ചു. മറ്റൊരു സംഘടന അരലക്ഷം രൂപയും നല്‍കി. ഈ തുക ബിന്ദുവിന്റെയും മക്കളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. എത്രയും വേഗം വീട് നിര്‍മാണം പൂര്‍ത്തിയാക്കി പ്രിയതമന്റെ ആഗ്രഹം സാക്ഷാത്ക്കരിച്ച് മക്കളെ നല്ലരീതിയില്‍ പഠിപ്പിച്ച് വലുതാക്കണമെന്ന ചെറിയൊരു ആഗ്രഹം മാത്രമേ ഇനി ബിന്ദുവില്‍ ബാക്കിയുള്ളൂ.