പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: കുട്ടികളുടെ പഠന ചെലവും ചികിത്സയും ലണ്ടന്‍ ഐക്യവേദി ഏറ്റെടുക്കും

EKM-PARAVOORകൊച്ചി: ബ്രിട്ടണിലെ പ്രവാസി ഇന്ത്യക്കാരുടെ സംഘടനയായ ലണ്ടന്‍ ഐക്യ വേദിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ അഞ്ചു കോടി രൂപയുടെ ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവയ്ക്കായി അഞ്ച് കോടി രൂപ നീക്കി വെയ്ക്കുമെന്ന് ഐക്യവേദി ചെയര്‍മാന്‍ എം.മഹേഷ് കുമാര്‍, പ്രസിഡന്റ് ജയപ്രകാശ് പണിക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍  അറിയിച്ചു. ലണ്ടനിലെ സൗത്ത് ക്രെയ്‌ഡോണിലാണ് വാര്‍ഷികാഘോഷം നടക്കുക.

കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ മരണമടയുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയൊ ചെയ്ത വ്യക്തികളുടെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെട്ട 10 വാര്‍ഡുകളാണ് ഇതിനായി തെരഞ്ഞെടുക്കുക. ഈ വാര്‍ഡുകളിലെ കുട്ടികളുടെ ചികിത്സാ ചെലവുകളും ഐക്യവേദി ഏറ്റെടുക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ അഞ്ച് വാര്‍ഡുകളിലെ വീതം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവും  ഐക്യവേദി ഏറ്റെടുക്കും. അര്‍ഹരായവരെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായ ഗണേശോത്സവ ട്രസ്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളം,തമിഴ്‌നാട്,ആന്ധ്ര,കര്‍ണാടക എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുള്ളവരും ഉള്‍പ്പെടെ ആയിരത്തിലേറെ അംഗങ്ങളാണ് ലണ്ടന്‍ ഐക്യവെദിയില്‍ നിലവിലുള്ളത്. ബ്രിട്ടണില്‍  പഠനവും ജോലിയും എന്ന പേരില്‍ ധാരാളം ആളുകള്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നും ഇവരെ സഹായിക്കുനതിനായിഐക്യവേദി ഹെല്‍പ് ലൈനും  ആരംഭിച്ചിട്ടുണ്ട്.  00447809111241 എന്ന നമ്പരിലേക്ക് തൊഴില്‍ സ്ഥാപനത്തിന്റെ പൂര്‍ണ വിലാസം, തൊഴിലിന്‍റെ സ്വഭാവം എന്നിവ എസ് എം എസ് ചെയ്താല്‍ 24 മണിക്കൂറിനകം വിശദ വിവരങ്ങള്‍ ലഭിക്കും. ഐക്യവേദി ഭാരവാഹികളായ എം.അഖില്‍, പ്രശാന്ത് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related posts