പെരുംനുണയന്‍ ദിലിപിന്റെ ശിങ്കിടിയായി ബാലു വര്‍ഗീസ്

baluവി. ശ്രീകാന്ത്       

പെരുംനുണയന്റെ ശിങ്കിടിയായി മച്ചാന്‍ വരുന്നുണ്ട് കേട്ടാ… ഇതിനോടകം  കൊച്ചിയിലെ ഫ്രീക്കന്മാര്‍ക്ക്  മാത്രമല്ല ന്യൂജറേഷന്‍ പിള്ളേരുടെയെല്ലാം ഇഷ്ടതാരമായി മാറിക്കഴിഞ്ഞ ബാലു വര്‍ഗീസാണ് ജനപ്രിയ നടന്‍ ദിലീപിനൊപ്പം ഒരു മുഴുനീള വേഷവുമായി കിംഗ് ലയറിലെത്തുന്നത്. നുണ പറയുന്നവര്‍ ഒരു നുണ മറയ്ക്കാന്‍ നൂറു നുണകള്‍ പറയാറുള്ളതുപോലെ ചിത്രത്തിലെ സസ്‌പെന്‍സുകള്‍ മറച്ചുവെക്കാന്‍ ബാലു ഇമ്പിടി നുണയെല്ലാം കാച്ചിയിട്ടുണ്ടാവാം. പക്ഷേ ഈ ചിന്ന നുണയനെ കുറിച്ച് പറഞ്ഞു തുടങ്ങിയതില്‍ പിന്നെ ബാലുവിന് നൂറ് നാവായിരുന്നു.

ലാല്‍ അങ്കിളിന്റെ സമ്മാനം
 
കൊച്ചുനാളില്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങളിലേയും ഡയലോഗുകള്‍ എനിക്ക് കാണാപ്പാഠമായിരുന്നു.  നടനും സംവിധായകനുമായ ലാല്‍ അങ്കിള്‍ എന്റെ അമ്മയുടെ ചേട്ടനാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എന്റെ റോള്‍ മോഡല്‍ ലാല്‍ അങ്കിളാണ്. ഒരു ദിവസം അങ്കിള്‍ എന്നോട് പറഞ്ഞു കിംഗ് ലയറില്‍ ദിലീപിനൊപ്പം ഒരു പ്രധാന വേഷം നീയാണ് ചെയ്യുന്നതെന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ അങ്കിളും സിദ്ധിഖ് അങ്കിളും ഒന്നിക്കുന്ന ചിത്രത്തില്‍ ഭാഗമാകുന്നത് തന്നെ വലിയ കാര്യം. ഒപ്പം ഒരു മുഴുനീള കഥാപാത്രം കൂടി സമ്മാനിച്ചപ്പോള്‍ പെരുത്ത് ഹാപ്പിയായി.

പെരുംനുണയന്റെ കൂടെ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടോ

ദിലീപേട്ടന്‍ ശരിക്കുമൊരു പാഠപുസ്തകമാണ്. ആ പാഠപുസ്കത്തിലെ പാഠങ്ങള്‍ കൃത്യമായി പഠിച്ചെടുക്കാന്‍ ഇത്തിരി പാടാണ്. എങ്കിലും എന്നാല്‍ കഴിയും വിധം ദിലീപേട്ടന്റെ കൂടെ പിടിച്ചു നിന്നു. ഞാന്‍ ഡയലോഗുകള്‍ പറയുമ്പോള്‍ സ്പീഡ് കൂടി പോകാറുണ്ട്. അങ്ങനെയൊക്കെ വരുമ്പോള്‍. അത് അങ്ങനെയല്ലെടാ പറയണ്ടേ… കുറച്ച് സ്പീഡ് കുറച്ച് പറഞ്ഞാലേ അതു ശരിയാകൂ… എന്നെല്ലാം പറഞ്ഞ് ദിലീപേട്ടന്‍ തിരുത്തും. ഇത്തരം തിരുത്തലുകള്‍ ഈ സിനിമയില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.  സത്യനാരായണന്‍ എന്ന ദിലീപേട്ടന്റെ കഥാപാത്രം ഒരു നുണ പറയുമ്പോള്‍ അത് പറഞ്ഞു വിശ്വസിപ്പിക്കാന്‍ എനിക്ക് അതിലേറെ നുണ പറയേണ്ടി വരുന്നുണ്ട്. പിന്നെ ഇത്തിരിയൊക്കെ പാടുപെടാതെ ദീലിപേട്ടന്റെ കൂടെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ.

ആന്റപ്പന്‍ ഫ്രീക്കനാണോ
 
സത്യനാരായണന്‍ എന്ന ദിലീപേട്ടന്റെ കഥാപാത്രത്തിന്റെ സുഹൃത്താണ് ആന്റപ്പന്‍. വിവിധ ഗെറ്റപ്പില്‍ ഈ ചിത്രത്തില്‍ ആന്റപ്പന്‍ എന്ന കഥാപാത്രം എത്തുന്നുണ്ട്. ചെറു മീശ വെച്ചും മീശവയ്ക്കാതെ താടി മാത്രം വെച്ചുമെല്ലാം… അതിനെ ഫ്രീക്കന്‍ എന്ന് വിളിക്കാമോ എന്നറിയില്ല.

ടൈപ്പ് കഥാപാത്രങ്ങളാണല്ലോ തേടിയെത്തുന്നത്

ഹണീബി സിനിമയ്ക്ക് ശേഷം എന്നെ തേടി വന്ന കഥാപാത്രങ്ങള്‍ മോഡേണ്‍ ടച്ചുള്ളവയായിരുന്നു. പ്രേക്ഷകര്‍ക്ക് എന്നെ അങ്ങനെയുള്ള വേഷങ്ങളില്‍ കാണാനായിരിക്കും താത്പര്യം എന്നു സംവിധായകര്‍ക്ക് തോന്നിയത് കൊണ്ടാവാം അത്തരം കഥാപാത്രങ്ങള്‍ എന്നെ തേടി വന്നത്. ഇതിഹാസയിലെ വിക്കിയായാലും സ്റ്റൈലിലെ ഡികാപ്രിയോയുമെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ തന്നെയാണ്. ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ കുമാര്‍ അതില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നാണ്.

കിംഗ് ലയര്‍ വഴിത്തിരിവാകുമോ

ഇപ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കിംഗ് ലയര്‍ റിലീസിനായി തന്നെയാണ്. ഇതിലെ ആന്റപ്പന്‍ എന്ന കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടമാകും എന്നു തന്നെയാണ് വിശ്വാസം.  ആന്റപ്പനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടാല്‍ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുമായിരിക്കും. എന്തായാലും ഏപ്രില്‍ രണ്ടിന് പെരുംനുണയന്‍ സത്യനാരായണന്റെ ശിങ്കിടിയായി ആന്റപ്പന്‍ പ്രേക്ഷര്‍ക്കു മുന്നിലെത്തും. നര്‍മത്തില്‍ പൊതിഞ്ഞ നുണകള്‍ നിങ്ങളെ രസിപ്പിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

Related posts