പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെങ്ങോലയിലെ സ്വകാര്യ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അസം സ്വദേശി ബികോഷ് ഗഗോയ് (22)നെയാണ് ഇന്നലെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 28ന് പുലര്‍ച്ചെ 3.30നായിരുന്നു കവര്‍ച്ചാ ശ്രമം നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രതി ഇതേ എടിഎം കൗണ്ടറിനു സമീപമുള്ള പ്ലൈവുഡ് കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
പെട്ടെന്ന് പണമുണ്ടാക്കി നാട്ടിലേക്ക് തിരിച്ചു പോയി വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുകയെന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ മോഷണത്തിനൊരുങ്ങിയത്. പ്രതി ചുറ്റിക ഉപയോഗിച്ച് എടിഎം കൗണ്ടിന്റെ താഴ്ഭാഗം തകര്‍ത്തെങ്കിലും അലാറം അടിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എടിഎം കൗണ്ടറിലെ കാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തല മുതല്‍ കാല് മുട്ടു വരെ ഷാള്‍ കൊണ്ട് മറച്ചാണ് ഇയാള്‍ കൗണ്ടറില്‍ പ്രവേശിച്ചത്. എന്നാല്‍ ഏതാനും നിമിഷത്തേക്ക് ഷാള്‍ ദേഹത്തുനിന്നു മാറിയപ്പോള്‍ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കണക്കാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച ചുറ്റികയും ഷാളും പ്രതിയുടെ മുറിയില്‍ നിന്നു കണെ്ടടുത്തു.