പുതുക്കാട്(തൃശൂര്‍): പാഴായിയില്‍ നാലു വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ സ്ത്രീ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ സഹോദരി വാലിപറമ്പില്‍ ഷൈലജ(49)യാണ് അറസ്റ്റിലായത്. കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനം വീട്ടില്‍ രജിത്കുമാര്‍–നീഷ്മ ദമ്പതികളുടെ ഏകമകള്‍ മേബയെ വ്യാഴാഴ്ച പാഴായിയിലെ അമ്മവീടിനു സമീപമുള്ള മണലിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ പുഴയില്‍ വീണു മരിച്ചുവെന്നാണ് ആദ്യം വീട്ടുകാര്‍ ധരിച്ചത്.
ഷൈലജയുടെ പെരുമാറ്റവും സംസാരത്തിലെ വൈരുധ്യവുമാണു സംശയത്തിനിടയാക്കിയത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു ഷൈലജയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കുട്ടിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്നു സമ്മതിച്ചത്. കുട്ടിയെ മൂക്കും വായയും പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി പുഴയില്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിനിന്നു വെള്ളത്തിലേക്ക് എറിയുകയായിരുന്നു. മേബയോടൊപ്പം വീടിന്റെ പിറകിലേക്കു വന്ന മറ്റൊരു കുട്ടിയെ മിഠായി നല്‍കി പറഞ്ഞുവിട്ടതിനു ശേഷമാണു ഷൈലജ കൃത്യം നടത്തിയത്.
നീഷ്മയുടെ വീട്ടുകാരോടു കാലങ്ങളായുള്ള വിരോധമാണു കൊലപാതകത്തിനു പ്രേരണയായതെന്നു ഷൈലജ പോലീസിനോടു പറഞ്ഞു. ഒല്ലൂരില്‍ വാടകയ്ക്കു താമസിക്കുകയാണു ഷൈലജ. പ്രതിയുടെ വഴിവിട്ട ജീവിതവും ഇവര്‍ വീട്ടില്‍ വരുമ്പോള്‍ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമാകുന്നതും കാരണം ഷൈലജയെ വീട്ടില്‍ കയറ്റിയിരുന്നില്ല. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണു ക്രൂരകൃത്യം നടത്തിയത്.
പ്രതി പല സ്ഥലങ്ങളിലും വീടുകള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്നിരുന്നതായി പോലീസ് പറഞ്ഞു. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, പാലക്കാട്, ചേര്‍പ്പ് സ്‌റ്റേഷനുകളില്‍ പ്രതിയുടെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു കേസുണ്ട്. വീട്ടില്‍ കയറ്റാതിരുന്നിരുന്ന ഷൈലജ ജ്യേഷ്ഠന്റെ മരണാനന്തര ചടങ്ങുകള്‍ക്കായാണു പാഴായിയില്‍ എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു കുട്ടിയെ കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രജിത്കുമാര്‍ ഓസ്‌ട്രേലിയയില്‍ ജോലിക്കാരനാണ്. നീഷ്മ കുട്ടിയോടൊപ്പം സ്വന്തം വീടായ പാഴായിയിലാണു താമസം. നീഷ്മയുടെ വലിയച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് രജിത്കുമാര്‍ നാട്ടിലെത്തിയിരുന്നു. ഇന്നലെ ഭാര്യയെയും കുട്ടിയെയുംകൊണ്ട് ഓസ്‌ട്രേലിയയിലേക്കു മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.
നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിനിടെയില്‍ പ്രതിയെ ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തു കൊണ്ടുവന്നു. ചാലക്കുടി ഡിവൈഎസ്പി പി. വാഹിദ്, സിഐ എസ്.പി. സുധീരന്‍, എസ്‌ഐമാരായ വി. സജീഷ്–കുമാര്‍, എം.ഡി. അന്ന എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണു പ്രതിയെ കൊണ്ടുവന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികാരം, പിഞ്ചുകുഞ്ഞിനോട്
പുതുക്കാട്: സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി ഒരുക്കിയ കടവില്‍ പിഞ്ചുകുഞ്ഞിനെ കൊന്നൊടുക്കിയിട്ടും കൂസലില്ലാതെ നില്‍ക്കുകയായിരുന്നു പ്രതി ഷൈലജ. ഒരാഴ്ച മുമ്പാണു സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടു ഷൈലജ ഇവരുടെ വീട്ടിലെത്തിയത്. വന്ന അന്നുമുതല്‍ വീട്ടുകാരോടുള്ള പ്രതികാരം തീര്‍ക്കാനായി തക്കം നോക്കി നില്‍ക്കുകയായിരുന്നു ഷൈലജ. ആരും അറിയാതെ പിഞ്ചു കുഞ്ഞിനെ വകവരുത്തി പ്രതികാരം തീര്‍ത്തു കുടുംബക്കാരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു വീട്ടില്‍ കയറിപ്പറ്റുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അതിനായി തെരഞ്ഞെടുത്തതു സഹോദരന്റെ സഞ്ചയന ദിവസവും.
കുട്ടിയെ കൊലപ്പെടുത്തുന്നതിനായി മൂന്നുദിവസം മുമ്പേ പ്രതി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. മിഠായിയുമായി കുട്ടിയുടെ പിറകില്‍നിന്നു മാറാതെയാണു പ്രതി നടന്നിരുന്നത്. സംഭവം നടക്കുന്നതിന് അല്പം മുമ്പ് മേബയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ മിഠായി നല്‍കി പറഞ്ഞയച്ചു. വെള്ളം കണ്ടാല്‍ പേടിയെന്നു പറഞ്ഞ് ഓടിയൊളിക്കുന്ന കുരുന്നിന്റെ മുഖം പൊത്തിപ്പിടിച്ച് അരയ്‌ക്കൊപ്പം ചെളിയുള്ള പുഴയില്‍ ഇറങ്ങിയാണ് വെള്ളത്തിലേക്ക് എറിഞ്ഞ് പ്രതി കൊലപ്പെടുത്തിയത്.
കുടുക്കിയത് സംസാരത്തിലെ വൈരുധ്യം
പുതുക്കാട്: പാഴായിയില്‍ നാലുവയസുകാരി മേബയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഷൈലജയെ കുടുക്കിയതു സംസാരത്തിലെ വൈരുധ്യം. കൃത്യത്തിനു ശേഷം ചെളിനിറഞ്ഞ വസ്ത്രങ്ങള്‍ ധൃതിയില്‍ വൃത്തിയാക്കാന്‍ ശ്രമിച്ചതും സംശയത്തിനിടയാക്കി. മേബയെ ഇതരസംസ്ഥാന തൊഴിലാളികള്‍ എടുത്തു കൊണ്ടുപോകുന്നതു കണ്ടെന്ന ഷൈലജയുടെ വെളിപ്പെടുത്തലും വീട്ടുകാര്‍ മേബയെ വീടിനു സമീപത്തു തെരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ കടവില്‍ വന്നു ഷൈലജ നോക്കുന്നതു കണ്ടതും വീട്ടുകാരില്‍ സംശയം ഉണ്ടാക്കി. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. രക്ഷപ്പെടാന്‍ നോക്കിയ ഷൈലജയെ വീട്ടുകാര്‍തന്നെ തടഞ്ഞുവച്ചു പോലീസിനു കൈമാറി.