സി.കെ. രാജേഷ്കുമാര്‍
റിയോ ഒളിമ്പിക്സിന് ഒരു മാസം മാത്രം ശേഷിക്കേ മുഴങ്ങുന്ന വെടിയൊച്ചകളില്‍ ഇന്ത്യ വളരെ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വിജയ്കുമാര്‍ നേടിയ വെള്ളിയും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന് നരംഗ് നേടിയ വെങ്കലവുമ ടക്കം രണ്ടു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 11 പേരായിരുന്നു ലണ്ടനില്‍ തോക്കെടുത്തതെങ്കില് റിയോയിലെത്തുമ്പോള്‍ 12 പേര്‍ക്കു യോഗ്യതയുണ്ട്. 2014ലെയും 2015ലെയും ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നടത്തിയ വിസ്മയ പ്രകടനങ്ങള്‍ ഇന്ത്യക്കു 11 ക്വോട്ട ബെര്‍ത്തുകള്‍ ലഭിക്കുന്നതിനിടയാക്കി. 2016 മാര്‍ച്ച് 19ന് ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന് 11 അംഗ ടീമിനെ പ്രഖ്യാപിച്ചു. പിന്നീട് 12-ാമനായി മാനവ്ജിത് സിംഗ് സന്ധുവും യോഗ്യത നേടി.
ടീമില്‍ ഒമ്പതു പുരുഷന്മാരും മൂന്ന് വനിതകളുമാണുള്ളത്. നാലു തവണ ഒളിമ്പ്യനായ, 2008 ബെയ്ജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യക്കു സ്വര്‍ണ മെഡല്‍ നേടിത്തന്ന അഭിനവ് ബിന്ദ്രയും(10 മീറ്റര്‍ എയര്‍ റൈഫിള്‍) ലണ്ടന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ഗഗന് നരംഗും(10 മീറ്റര്‍ എയര്‍ റൈഫിള്‍) ടീമില്‍ സ്ഥാനം പിടിച്ചു. ഗുര്‍പ്രീത് സിംഗ് (25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍) പ്രകാശ് നഞ്ചപ്പ (50 മീറ്റര്‍ പിസ്റ്റള്‍), ചായിന്‍ സിംഗ് (50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍സ്) മൈറാജ് അഹമ്മദ് ഖാന് (ഷോട്ട്ഗണ്‍), മാനവ്ജിത് സിംഗ് സന്ധു, ക്യാനന് ചെനായി(ട്രാപ്പ് ഷൂട്ടിംഗ്) എന്നിവരാണ് ടീമിലെ പുരുഷ അംഗങ്ങള്‍. മാനവ്ജിത്തിന്റെ നാലാം ഒളിമ്പിക്സാണിത്. ഹീന സിദ്ദു (10 മീറ്റര്‍ എയര്‍ റൈഫിള്‍), അപൂര്‍വി ചന്ദേല, അയോനിക പോള്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍) എന്നിവരാണ് വനിതാ താരങ്ങള്‍. ഇതില്‍ ഹീനയുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സാണിത്.
പ്രായത്തെ തോല്‍പ്പിക്കുന്ന ഉന്നം
ഉന്നം പിഴയ്ക്കാത്ത കൈകളുമായി, വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം പ്രകാശ് നഞ്ചപ്പ ഒളിമ്പിക്സില്‍ അരങ്ങേറുകയാണ്. ഇന്ത്യയുടെ ഷൂട്ടിംഗ് ടീമിലെ ഏറ്റവും പ്രായമുള്ള താരം. 40 കഴിഞ്ഞ പ്രകാശാണ് ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരം. ചെറുപ്പം മുതല്‍ ഷൂട്ടിംഗ് ദിനചര്യയാക്കിയ പ്രകാശ് മുന്‍ ദേശീയ ഷൂട്ടറായിരുന്ന പി.എന്‍. പൊന്നപ്പയുടെ മകനാണ്. കാനഡയില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായിരുന്ന പ്രകാശ്, ജോലി രാജിവച്ചാണ് ഷൂട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കാനഡിലായിരിക്കുമ്പോള് അവിടത്തെ ദേശീയ മത്സരത്തില്‍ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച്് പ്രകാശ് ശ്രദ്ധേയനായി.
പിന്നീട് ഇന്ത്യയിലെത്തിയ പ്രകാശ്, ബാക്കുവില്‍ നടന്ന ലോകകപ്പിലെ മികച്ച പ്രകടനത്തെത്തുടര്‍ന്നാണ് ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. 2013ല്‍ കൊറിയയില്‍ നടന്ന ലോകകപ്പില്‍ വെങ്കലം നേടിയ പ്രകാശിനു പിന്നീടു തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ആദ്യമായാണ് ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്. ഒപ്പം ഏറ്റവും പ്രായം കൂടിയ താരവും പ്രകാശാണ്. എന്നാല്‍, സ്പെയിനില്‍ നടന്ന ലോകകപ്പില്‍ പ്രകാശിന് അസുഖത്തെത്തുടര്‍ന്ന് പങ്കെടുക്കാനായില്ല. ഗഗന് നരംഗിനെയും അഭിനവ് ബിന്ദ്രയെയുമൊക്കെ ഇഷ്ടപ്പെടുന്ന പ്രകാശ് ഇത്തവണ മെഡല്‍ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
അവസാന ഒളിമ്പിക്സ് ഉജ്വലമാക്കാന്‍ അഭിനവ്
ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ആദ്യവ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയ അഭിനവ് ബിന്ദ്ര തന്റെ അവസാന ഒളിമ്പിക്സില്‍ ഉന്നം നോക്കാന്‍ തയാറായിക്കഴിഞ്ഞു. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിലാണ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിമാനമായത്. കഴിഞ്ഞ ഒളിമ്പിക്സിലും പങ്കെടുത്തെങ്കിലും മെഡലൊന്നും നേടാന്‍ അദ്ദേഹത്തിനായില്ല. പിന്നീട് ഫോം മങ്ങിയ ബിന്ദ്ര 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചു. തൊട്ടുപിന്നാലെ ഒളിമ്പിക് യോഗ്യതയുമെത്തി.
ഗഗന് നരംഗും വലിയ പ്രതീക്ഷയിലാണ്. ലണ്ടനില്‍ നേടിയ വെങ്കലം ഇത്തവണ സ്വര്‍ണമാക്കാനുള്ള ശ്രമത്തില്‍ ഗഗന് ഇറങ്ങുമ്പോള്‍ അഭിനവ് ബിന്ദ്രയുടെ തന്നെ വെല്ലുവിളിയുണ്ടാകുമെന്നുറപ്പ്. 50 മീറ്റര്‍ റൈഫിള്‍ പ്രോണിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും ഗഗന് മത്സരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഷൂട്ടറും ഗഗനാണ്. മികച്ച ഫോമിലുള്ള ചായിന്‍ സിംഗ് ഗോഹട്ടിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ആറു സ്വര്‍ണമാണ് വാരിയത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും ചായിന്‍ മത്സരിക്കും.
നേപ്പാളില്‍ ജനിച്ച് ഇന്ത്യക്കാരനായി മാറിയ ജിത്തു റായിയാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന മറ്റൊരു താരം. 2014ലെ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെള്ളി നേടിയ ജിത്തുറായി 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. 2014 ഏഷ്യന്‍ ഗെയിംസില്‍ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ജിത്തു 2016 ലോകകപ്പില്‍ വെള്ളി നേടി താന്‍ മികച്ച ഫോമിലാണെന്നു തെളിയിച്ചു. ഈ മികവ് റിയോയിലും തുടരാനായാല്‍ മെഡല്‍ ഉറപ്പാണ്.
വനിതാ വിഭാഗത്തില്‍ ഹിന സിദ്ദുവാണ് ശ്രദ്ധേയതാരം. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 25 മീറ്റര്‍ പിസ്റ്റളിലും ഹിന മത്സരിക്കുന്നുണ്ട്. ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടറാണ് ലുധിയാനക്കാരിയായ ഈ സുന്ദരി. 2013 ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഹിന ലോകറിക്കാര്‍ഡ് പ്രകടനത്തോടെയാണ് സ്വര്‍ണം നേടിയത്. അന്താരാഷ്്ട്ര ഷൂട്ടിംഗ് ഫെഡറേഷന്റെ മുഖമാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഏക ഇന്ത്യന്‍ താരമാണ് ഹീന. 12 പേരില്‍നിന്ന് ഇന്ത്യ കുറഞ്ഞത് മൂന്നു മെഡലെങ്കിലും പ്രതീക്ഷിക്കുമ്പോള്‍ അത് നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ് നമ്മുടെ ഷൂട്ടര്‍മാര്‍.