പ്രവര്‍ത്തകര്‍ക്ക് വധഭീഷണി: കെ.കെ.രമ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി

KKD-REMAവടകര: ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം വധഭീഷണി മുഴക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.കെ.രമ എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി. രാത്രി ഒമ്പതരയോടെയാണ് രമയും പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലെത്തിയത്. സംസ്ഥാന സെക്രട്ടറി എന്‍.വേണുവും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുഒഞ്ചിയത്തും പരിസരത്തും ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി വധ ഭീഷണിയും അക്രമവുമാണ് നടക്കുന്നത്. പോലീസാകട്ടെ നിഷ്ക്രിയവും.

കഴിഞ്ഞ ദിവസം ഒഞ്ചിയം ബാങ്കിനു സമീപത്തെ വി.പി.രഞ്ജിത്തിന്റെ ഓട്ടോടാക്‌സി കത്തിച്ച സംഭവമുണ്ടായി. ഇതിനു പിന്നില്‍ നെല്ലാച്ചേരിയിലെ സിപിഎമ്മുകാരാണെന്ന് വ്യക്തമാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. അതേ സമയം ബോധപൂര്‍വം വാക്കുതര്‍ക്കമുണ്ടാക്കി ജാമ്യമില്ലാ കുറ്റം ചുമത്തി ആര്‍എംപിഐ പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്യുന്നു.

നെല്ലാച്ചേരിയിലെ സിപിഎമ്മുകാരനായ യുവാവും കൂട്ടരും ബുധനാഴ്ച ആര്‍എംപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി വധഭീഷണി മുഴക്കുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും നടപടിയില്ലാത്ത സാഹചര്യത്തിലാണ് രമയും പ്രവര്‍ത്തകരും എടച്ചേരി സ്‌റ്റേഷനില്‍ കുത്തിയിരിപ്പു നടത്തിയത്. സംഭവമറിഞ്ഞു നൂറുകണക്കിനാളുകള്‍ സ്റ്റേഷന്‍ പരിസരത്തെത്തി.   രാത്രി പത്തരയോടെ ഡിവൈഎസ്പി കെ.സുദര്‍ശനന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് നേതാക്കളും പ്രവര്‍ത്തകരും പിരിഞ്ഞുപോയത്.

Related posts