പ്രൈമറി സ്കൂള്‍ അധ്യാപക പരിശീലനം: പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ekm-reportമൈലക്കൊമ്പ്: യുണിസെഫിന്റെയും എസ്എസ്എ കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനെ ചുമതലപ്പെടുത്തിയിരുന്ന പ്രൈമറി സ്കൂള്‍ അധ്യാപകരുടെ പരിശീലന ആവശ്യങ്ങളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് എസ്എസ്എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.ഇ.പി. മോഹന്‍ദാസിന് സമര്‍പ്പിച്ചു. പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഇപ്പോള്‍ നടത്തുന്ന അവധിക്കാല പരിശീലന പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ സമയത്ത് സമര്‍പ്പിച്ചിരുന്നു.

പുതിയ സ്കൂള്‍ പാഠ്യപദ്ധതിപ്രകാരം ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങള്‍, അതിനു യോജിച്ച പഠനപ്രവര്‍ത്തനങ്ങള്‍, വിലയിരുത്താനുള്ള മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് പരിശീലന പരിപാടിയില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു പഠനത്തില്‍ കണെ്ടത്തി. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ ഫലപ്രദമായി ക്ലാസുകളെടുക്കുന്നതിനു അധ്യാപകരില്‍ അറിവും താത്പര്യവും വളര്‍ത്തിയെടുക്കുന്നതില്‍ പരിശീലന പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണെ്ടന്നും കണെ്ടത്തിയിട്ടുണ്ട്.

പ്രൈമറി ക്ലാസുകളില്‍ മുഴുവന്‍ അധ്യാപകരും കൈകാര്യം ചെയ്യേണ്ട കല, കായിക,പ്രവര്‍ത്തിപരിചയ ക്ലാസുകളുടെ കാര്യത്തില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ ധാരണയും പ്രായോഗിക പരിജ്ഞാനവും ആവശ്യമാണ്.പ്രാഗത്ഭ്യമുള്ള പരിശീലകരുടെ കുറവ്, മാതൃക ക്ലാസുകളുടെ അഭാവം തുടങ്ങിയ ന്യൂനതകള്‍ നിലവിലുള്ള പരിശീലനത്തിലുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ക്രിസ്റ്റീന അഗസ്റ്റിന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.സി. കുര്യന്‍ എന്നിവര്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമായി നടത്തിയ പഠനത്തില്‍ വി.ജെ. ഡാര്‍വിന്‍ അഡീഷണല്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ ഒറോപ്ലാക്കല്‍, അധ്യാപകരായ ഡോ. പുഷ്പമ്മ സി. വടക്കേല്‍, എന്‍.വി. ഫ്രാന്‍സിസ്, എ.വി. മാത്യു, ഡോ. ഷിംന പോള്‍, ലിന്‍സി മാത്യു, കെ.ജെ. ഫ്രാന്‍സിസ്, ഡോ. എസ്. ബാബു എന്നിവര്‍ പഠനസംഘത്തിലെ അംഗങ്ങളായിരുന്നു.

Related posts