ഫുട്പാത്തുകള്‍ കയ്യേറി വാഹനങ്ങള്‍; കാല്‍നടയാത്രക്കാരുടെ സഞ്ചാരം തിരക്കേറിയ റോഡിലൂടെ

alp-footpathആലപ്പുഴ: നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ഫുട്പാത്തുകള്‍ വാഹനപാര്‍ക്കിംഗ് കേന്ദ്രങ്ങളായി. ഫുട്പാത്തുകളെ ആശ്രയിച്ചിരുന്ന കാല്‍നടയാത്രക്കാര്‍ ഇപ്പോള്‍ തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയില്‍. ആലപ്പുഴ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം തന്നെ കാല്‍നടയാത്രക്കാരുടെ സഞ്ചാരത്തിനായി ഫുട്പാത്തുകളുണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്കിത് വര്‍ഷങ്ങളായി പ്രയോജനപ്പെടാറില്ല.

ഫുട്പാത്തുകള്‍ക്ക് മുകളിലുള്ള സ്ലാബുകള്‍ അപകടഭീഷണിയിലായിരിക്കുന്നതും അലക്ഷ്യമായി മാലിന്യങ്ങള്‍ ഫുട്പാത്തുകളില്‍ നിക്ഷേപിക്കുന്നതും കാല്‍നടയാത്രക്കാരെ ഫുട്പാത്തുകളില്‍ നിന്ന് അകറ്റിയിരുന്നു. സമീപകാലത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ ഫുട്പാത്തുകളില്‍ പാര്‍ക്കു ചെയ്യുന്നത് പലയിടങ്ങളിലും പതിവായതോടെ കാല്‍നടയാത്രക്കാര്‍ തിരക്കേറിയ റോഡുകളുടെ വശങ്ങള്‍ ചേര്‍ന്ന് സഞ്ചരിക്കേണ്ട അവസ്ഥയാണ്. റോഡുകളുടെ സമീപത്തെ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുമാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്.

മോട്ടോര്‍ വാഹന നിയമ പ്രകാരം ഫുട്പാത്തുകളില്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റുന്നത് കുറ്റകരമാണ്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ താല്‍ക്കാലികമായി ഫുട്പാത്തുകളിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കാവുവെന്നതാണ് ചട്ടം.  എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിയാണ് നഗരത്തിലെ ഫുട്പാത്തുകള്‍ക്ക് മുകളില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ഫുട്പാത്തുകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ അടിയന്തിരമായി അധികൃതര്‍ സ്വീകരിക്കണമെന്നതാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം.

Related posts