ബംഗ്ലാദേശി പെണ്‍കുട്ടികളെ സെപ്റ്റംബര്‍ 15നുമുമ്പ് തിരിച്ചയക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

alp-humanGHTSകോഴിക്കോട്: സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ഏഴു കൊല്ലമായി അന്യായ തടങ്കലിലുള്ള നാല് ബംഗ്ലാദേശി പെണ്‍കുട്ടികളെ അവരുടെ യാത്രാ കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 15 ന് മുമ്പ് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ  അംഗം പി. മോഹനദാസ് ഉത്തരവിട്ടു. പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിന് കോടതി ഉത്തരവ് ആവശ്യമാണെങ്കില്‍ അത് നിയമാനുസരണം നേടിയെടുക്കണമെന്ന് കമ്മീഷന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.  2016 സെപ്റ്റംബര്‍ 15 നകം യുവതികളെ തിരിച്ചയക്കണമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ കേരള സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നടപടികള്‍ സ്വീകരിച്ച ശേഷം മലപ്പുറം ജില്ലാകളക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണം.

കമ്മീഷന്‍ അംഗം പി. മോഹനദാസ് മഹിളാമന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളെ സന്ദര്‍ശിച്ച് മൊഴി എടുത്തിരുന്നു.  പെണ്‍കുട്ടികള്‍ ഒരു ക്രിമിനല്‍ കേസിലും പ്രതികളല്ല.  സാക്ഷികള്‍ മാത്രമാണ്.  പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഇവര്‍ മഹിളാമന്ദിരത്തില്‍ എത്തിയത്.  ഇവരെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയ പ്രതികളില്‍ ചിലരെ ഇനിയും കണ്ടെത്താത്തതിനാല്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  എന്നെങ്കിലും പ്രതികളെ കണ്ടെത്തുമ്പോള്‍  വിചാരണ നടത്തുന്നതിനു വേണ്ടിയാണ് പെണ്‍കുട്ടികളെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തി.

തങ്ങള്‍ക്ക് ബംഗ്ലാദേശിലെത്താനുള്ള ഒരവസരം പോലീസ് നഷ്ടമാക്കിയെന്ന് പെണ്‍കുട്ടികള്‍ കമ്മീഷനില്‍ മൊഴി നല്‍കി.  പ്രതികളെ പിടികൂടുമ്പോള്‍ പെണ്‍കുട്ടികളെ ഹാജരാക്കാമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി.  വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി വിചാരണകള്‍ നടക്കുന്ന ഇക്കാലത്ത് പോലീസിന്റെ ന്യായം വിചിത്രമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു പെണ്‍കുട്ടികളെ റംസാനു മുമ്പെങ്കിലും നാട്ടിലെത്തിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബംഗലുരൂ സാമ്പിഗാഹള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷിയായ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.

അതേസമയം പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവാനുള്ള ട്രാവല്‍ പെര്‍മിറ്റ് ഇക്കാര്യത്തിനായി ഇടപെടല്‍ നടത്തിയ ആം ഓഫ് ജോയ് മാനേജിംഗ് ട്രസ്റ്റി ജി. അനൂപ് എഫ്ആര്‍ആര്‍ഒക്ക് (ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍) കൈമാറി. മഹിളാമന്ദിരം സൂപ്രണ്ട് പി. സതി, ആഫ്റ്റര്‍ കെയര്‍ ഹോം മേട്രണ്‍ രേഷ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പെര്‍മിറ്റികളുടെ അസല്‍ പതിപ്പ് കൈമാറിയത്. കുട്ടികളുടെ മോചനത്തിനായി നിയമത്തിന്റെ വഴിയിലൂടെ തന്നെ പോരാടുന്ന പുനര്‍ജനി അഭിഭാഷക സമിതി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജി ഇന്ന് പരിഗണനയ്ക്കും.

തിരിച്ചുപോയാലും കേസ് നടപടികളുടെ സമയത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം ഒരുക്കി പെണ്‍കുട്ടികളെ ഹാജരാക്കാം എന്ന് അവരവരുടെ നാടുകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എഴുതി നല്‍കിയ ഉറപ്പ് നേരത്തെ ലഭിച്ചിരുന്നു. ഇത് പുനര്‍ജനി അഭിഭാഷക സമിതി കൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഉറപ്പിന്റെയും, അതിര്‍ത്തി കടക്കാനുള്ള ട്രാവല്‍ പെര്‍മിറ്റുകളുടെയും അടിസ്ഥാനത്തില്‍ ഇന്ന് ഹൈക്കോടതി അനുമതി നല്‍കുകയാണെങ്കില്‍, പെണ്‍കുട്ടികള്‍ക്ക് ഈ പെരുന്നാള്‍ സ്വന്തം നാട്ടില്‍ ആഘോഷിക്കാന്‍ സാധിച്ചേക്കും.

Related posts