കോങ്ങാട്: വീടും ഭൂമിയും തട്ടിയെടുത്ത് ബന്ധുക്കള്‍ തെരുവിലേക്ക് ഇറക്കിവിട്ട 75കാരിയായ വെള്ളയ്ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ ഇടപെട്ട് അഭയമൊരുക്കി. പാലക്കാട്ടെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസദനാണ് ഇനി വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ പേറി നാടിന്റെ ദുഖമായി മാറിയ അമ്മക്ക് തണലായത്.വെള്ളയുടെ തെരുവ് ജീവിതം അവസാനിപ്പിക്കാന്‍ സുരക്ഷിതത്വത്തിന്റെ കൈകള്‍ തേടിവന്നപ്പോള്‍ വെള്ള മനസ്സ് നിറഞ്ഞ് കരഞ്ഞു പിന്നെ കൈകൂപ്പി,കണ്ട്നിന്നവരുടെ മനസ്സും തേങ്ങി.
കോങ്ങാട് വെള്ളയംതോട്ടില് വെള്ളയുടെ നാലുസെന്റ് ഭൂമിയും വീടും സഹോദരിയുടെ മരുമകന് വില്‍പ്പന നടത്തി കാശ് കൈക്കലാക്കുകയും തുടര്‍ന്ന് ഇവരെ തെരുവിലേക്ക് ഇറക്കിവിടുകയുമായിരുന്നു. കോങ്ങാട്ടെ പൊതുപ്രവര്‍ത്തകനും മുന്‍ മെമ്പറുമായ കെ.വി.മണിയന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും തെരുവില്‍ കഴിയാന്‍ തന്നെയായിരുന്നു വെള്ളയുടെ വിധി.
പരിസരത്തെ കടയുടമകളുടെ നല്ല മനസ്സില്‍ അവര്‍ കടത്തിണ്ണകളില്‍ കഴിച്ചുകൂട്ടി.രാത്രി അവിടെ അന്തിയുറങ്ങി.പകല്‍ വ്യാപാരികള്‍ കടകള്‍ തുറക്കുമ്പോള്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞു. ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെയാണ് ആം ആദ്മി പ്രവര്‍ത്തകരായ കാര്‍ത്തികേയനും മുഹമ്മദ് പാറശേരിയും ചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ വെള്ളയെ തേടിയെത്തിയത്. തുടര്‍ന്ന് സമീപവാസികളുടെയും പോലീസിന്റെയും സഹായത്തോടെ ഇവരെ കൃപാ സദനിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വിവരം പറഞ്ഞതോടെ സദനം ഡയറക്ടര്‍ ഫാദര്‍ ജോണ്‍ മരിയ വിയാനിയും പൂര്‍ണ്ണമായ പിന്തുണ നല്കി. വൈകീട്ടോടെ സദനില്‍ എത്തിയ വെള്ള തന്നെ അലട്ടുന്ന അസുഖങ്ങള്‍ മാറ്റിത്തരാന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. സദനിലെ ഡോക്ടര്‍മാര്‍ അത് പരിഹരിക്കും എന്ന് ഫാദര്‍ ഉറപ്പ് നല്കിയപ്പോള് വെള്ളയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം.