മട്ടന്നൂര്‍: പഴശിരാജ എന്‍എസ്എസ് കോളജിന്റെ നേതൃത്വത്തില്‍ ഭാരതീയ കലാരൂപങ്ങളുടെ ദേശീയ ശില്പശാലയ്ക്കു തുടക്കമായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്പിസിമസിയുടെ സഹകരണത്തോടെയാണ് ആറു ദിവസങ്ങളിലായി 15 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശില്പശാല ആരംഭിച്ചത്. വിദ്യാര്‍ഥികളില്‍ കലാരൂപങ്ങളില്‍ താത്പര്യമുണ്ടാക്കാനാണു ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ട് ബാച്ചുകളിലായി നടക്കുന്ന ശില്പശാലയില്‍ മുന്നൂറോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഭാരതീയ കലാരുപങ്ങളായ കഥകളി, കഥക്, കൂടിയാട്ടം, തോല്‍പ്പാവക്കൂത്ത്, ഒഡിസി എന്നി കലാരൂപങ്ങളുടെ ശില്‍പ്പശാലയും പ്രദര്‍ശനവുമാണ് 6 ദിവസങ്ങളിലായി നടക്കുക. അന്തര്‍ദേശീയ അവാര്‍ഡ് ജേതാവായ ഉത്തരാ അന്തര്‍ജനമാണ് ശില്പശാല നയിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ടി.എല്‍.രമാദേവി അധ്യക്ഷത വഹിച്ചു. ഉണ്ണിവാര്യര്‍, ഡോ.എ.സുഗതകുമാരി, അരങ്ങ് കണ്‍വീനര്‍ ഡോ. സുമിതാ നായര്‍, പിടിഎ പ്രസിഡന്റ് കൃഷ്ണന്‍ വേങ്ങയില്‍, എ.വി.രാഹൂല്‍ എന്നിവര്‍ പ്രസംഗിച്ചു. ശില്പശാല ഒന്‍പതിനു സമാപിക്കും.