ഇരിങ്ങാലക്കുട: കടുത്ത വേനലില്‍ നാടും നഗരവും ഉരുകുമ്പോഴും വറ്റാത്ത പൊതുകുളങ്ങള്‍ നഗരസഭാധികൃതര്‍ അവഗണിക്കുന്നു. നഗരസഭ പരിധിയിലെ വിശാലമായ പൊതുകുളങ്ങളാണ് അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിക്കാത്തതുമൂലം പായല്‍ നിറഞ്ഞും കാടുപിടിച്ചും നശിക്കുന്നത്. നഗരമധ്യത്തിലെ ഞവരിക്കുളം, മാര്‍ക്കറ്റിനു സമീപത്തെ ഊമന് കുളം, ചേലൂര്‍ റോഡിലെ കാട്ടിക്കുളം എന്നിവയെല്ലാം നാശത്തിന്റെ വക്കിലാണ്. ചെറുതും വലുതുമായ 16 പൊതുകുളങ്ങളാണ് പഴയ പട്ടണപ്രദേശത്തുള്ളത്. നഗരസഭയോടു ചേര്‍ക്കപ്പെട്ട പഴയ പൊറത്തിശേരി പഞ്ചായത്തില്‍ 19 പൊതുകുളങ്ങളുണ്ട്. എന്നാല്‍ നഗരത്തിലെ പൊതുകുളങ്ങള്‍ സംരക്ഷിക്കപ്പെടാതെ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമാവുകയാണ്.
ചുറ്റുമുള്ള വിസ്തൃതമായ നെല്‍വയലുകള്‍ നികത്തിയതോടെ ഞവരിക്കുളത്തില്‍ വെള്ളം കുറഞ്ഞു. മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള ഞൗരിക്കുളത്തിലാണ് ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള നൂറുകണക്കിനുപേര്‍ നീന്തല്‍ പഠിച്ചതും സന്ധ്യാസമയങ്ങളില്‍ കുളിക്കാറുളതും. ആ നല്ലകാലങ്ങള്‍ വിസ്മൃതിയിലേക്ക് മറഞ്ഞു. ഇന്ന് ഞൗരിക്കുളത്തിലിറങ്ങി കുളിച്ചാല്‍ ഇല്ലാത്ത അസുഖങ്ങള്‍ വരെ വരും. ടൗണിന്റെ ഹൃദയ ഭാഗത്തെ ഞൗരിക്കുളം മാലിന്യ കുമ്പാരമായി മാറിയതാണ് ഈ അവസ്ഥയ്ക്കു കാരണം.
ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുറകില്‍ ക്രൈസ്റ്റ് കോളജ് റോഡിലെ മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള കുളമാണ് ചണ്ടിയും പായലും കുളവാഴകളും നിറഞ്ഞ് ഉപയോഗശൂന്യമായത്. നാലുഭാഗവും കെട്ടി ഉയര്‍ത്തിയിട്ടുള്ള കുളത്തില്‍ ഇറങ്ങാന്‍ മൂന്ന് ഭാഗങ്ങളില്‍ വലിയ പടവുകളുണ്ട്. മൂന്ന് ഭാഗത്തെ പടവുകളും കാടുപിടിച്ച് ഉപയോഗ ശുന്യമായി. ഇവിടെ രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. കുളത്തിന്റെ മുന്‍ഭാഗത്ത് നാട്ടുകാര്‍ ഇപ്പോള്‍ മാലിന്യം കൊണ്ടിടുന്നതുമൂലം പരിസരം ചീഞ്ഞുനാറുകയാണ്.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഞൗരിക്കുളം വൃത്തിയാക്കി നീന്തല്കുളമാക്കുമെന്നും കുളത്തിന്റെ വശം വീതികൂട്ടി ജോഗിംഗിന് സൗകര്യമൊരുക്കുമെന്നും രാഷട്രീയ കക്ഷികള്‍ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കുളത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഞവരിക്കുളം നവീകരിച്ചു കുളത്തിനു സമീപം ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ നഗരസഭ ഭരണസമിതി നടപടികള്‍ ആരംഭിച്ചെങ്കിലും ഈ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ടൈല്‍ വിരിക്കുന്നതിനും മറ്റും ചെലവാക്കിയ ലക്ഷങ്ങള്‍ ഇതു മൂലം പാഴായി. കുളവും പരിസരവും ശൂചീകരിച്ചു സംരക്ഷിക്കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്തു വന്നെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നു കാര്യമായ സഹകരണം ലഭിച്ചില്ലെന്നു പരാതിയുണ്ട്.
ഈ സ്ഥിതി തന്നെയാണ് നഗരസഭാതിര്‍ത്തിയിലെ മറ്റു കുളങ്ങള്ക്കുമുള്ളത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കുട്ടംകുളവും തെക്കേകുളവും ഇപ്പോഴും ജലസമൃദ്ധമാണ്. മൂര്‍ക്കനാട്ടെ കാഞ്ഞാംപിള്ളികുളം, വാലാഞ്ചിറ, കാഞ്ഞാണികുളം, ചാത്തംകുളം, എടേഴത്ത് കുളം എന്നിവ കെട്ടി സംരക്ഷിച്ച് ശുദ്ധജല സ്രോതസാക്കണം. കുഴിക്കാട്ടുകോണത്തെ അങ്ങാടിക്കുളവും മാപ്രാണത്തെ തൂറുകായ്കുളവും ചളിനീക്കി കെട്ടിസംരക്ഷിക്കാന്‍ ചെറുകിട ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് സാധ്യതയേറെയാണ്. ഇവയെല്ലാം നവീകരിച്ചു വരും തലമുറയ്ക്കു കൂടി ഗുണകരമായ രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ സ്വീകരിക്കുന്നില്ല. പോട്ട-മൂന്നുപീടിക സംസ്ഥാന പാതയ്ക്കരികിലെ കാട്ടിക്കുളത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു കിടക്കുന്നതു റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്.