മംമ്ത മോഹന്‍ദാസ് വീണ്ടും പിന്നണി ഗായികയായി. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ബേബി സിറ്റര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് എം .ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ മംമ്താ മോഹന്‍ദാസ് പാടിയത്. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതും മംമ്ത തന്നെയാണ്. ബിജു മേനോന് നായകനാകുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, രഞ്ജിത്, ഗോവിന്ദ് പത്മസൂര്യ, കൃഷ്ണപ്രഭ, രണ്‍ജിപണിക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ 90 ശതമാനത്തോളം ഷൂട്ട് അമേരിക്കയിലാണ് .
മംമ്തയുടെ പാട്ടിനോടുള്ള അഭിനിവേശവും ആത്മാര്‍പ്പണവും തന്നെ ആശ്ചര്യപ്പെടുത്തി എന്നു സംഗീത സംവിധായകന് എം. ജയചന്ദ്രന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പാട്ടിന്റെ സ്വഭാവം അറിഞ്ഞുള്ള അനായാസമായ ആലാപനത്തിലൂടെ സംഗീതത്തിന്റെ വേറിട്ട തലത്തിലേക്ക് ഉയരാന്‍ മംമ്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജയചന്ദ്രന് കുറിച്ചു.താന്‍ അവരുടെ ആരാധകനായി മാറിയെന്നും സംഗീതം എന്ന അനുഭൂതിയിലൂടെ അവര്‍ക്ക് സന്തോഷവും ആരോഗ്യവും വീണ്ടെടുക്കാന്‍ കഴിയട്ടെയെന്നും ജയചന്ദ്രന് ഫേസ് ബുക്കിലൂടെ ആശംസിച്ചു.