മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണത്തിന് കാലതാമസം നേരിടുന്നതായി പരാതി. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയിട്ടില്ല. പണി പൂര്‍ത്തീകരിച്ച് നിലവാരം പരിശോധിക്കേണ്ട പൊതുമരാമത്ത് വകുപ്പും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്.താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ പ്രസവവാര്‍ഡിന് എതിര്‍വശത്താണ് ബഹുനില കെട്ടിടം പണിയുന്നത്. പതിനെട്ടുമാസംകൊണ്ടു പണി പൂര്‍ത്തീകരിക്കാനാണ് കരാറില്‍ വ്യവസ്ഥ.ഇപ്പോള്‍ കരാര്‍ തീയതി കഴിഞ്ഞ് 39 മാസം പിന്നിട്ടു. ഇരുപതുശതമാനത്തോളം പണി ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.
പ്രതിഷേധം വ്യാപകമായിട്ടും കരാറുകാരന്‍ പണി പൂര്‍ത്തീകരിക്കാന്‍ തയാറാകുന്നില്ലത്രേ. കരാര്‍ ലംഘിച്ച കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കര്‍ശനനടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസനസമിതിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.ആദിവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം രോഗികളാണ് താലൂക്ക് ആശുപത്രിയില്‍ ദിനംപ്രതി ചികിത്സയ്ക്കായി എത്തുന്നത്. ഇതിനു പുറമേ പ്രസവം, കിടത്തിചികിത്സ എന്നിവയുമായി നിരവധിപേരും ആശുപത്രിയിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശേഷി താലൂക്ക് ആശുപത്രിക്കില്ല. നിലവില്‍ ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സിനും സുഗമമായി ആശുപത്രിയില്‍ കയറാനും കഴിയുന്നില്ല.