ജിനേഷ് അഞ്ചല്‍
അഞ്ചല്‍: ജനപ്രതിനിധികള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയതിനാല്‍ 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വലിയ പദ്ധതി പാഴാകുന്നു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ അഞ്ചല്‍ ചന്തമുക്കിലെ മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ സ്ഥാപിച്ച മത്സ്യവിപണനകേന്ദ്രത്തിന്റെ ഔട്ട്‌ലെറ്റാ(ഫിഷറീസ് ബങ്ക്)ണ് സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന മാര്‍ക്കറ്റുകളിലൊന്നാണ് അഞ്ചലിലേത്. സമീപ പ്രദേശങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് പേരാണ് ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന ചന്തവിപണിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിനുള്ളിലെ മത്സ്യവ്യാപാരം ഏറെ വൃത്തിഹീനമായ അവസ്ഥയിലാണെന്നത് മാര്‍ക്കറ്റിലെത്തുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് മത്സ്യവ്യാപാരത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ആശയം ഉള്‍ക്കൊണ്ടാണ് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി മത്സ്യവിപണന കേന്ദ്രം എന്ന ആശയവുമായി മുന്നോട്ടുവന്നത്. വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടു. സ്ഥലം വിട്ടുനല്‍കിയാല്‍ ഫ്രീസര്‍ സംവിധാനത്തോടെയുള്ള മത്സ്യ വിപണന ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ തയാറാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സ്ഥലത്തിനുവേണ്ടി മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചന്തമുക്കിലെ മിനി സിവില്‍ സ്റ്റേഷന്റെ പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള ഒരു സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചതനുസരിച്ച് രണ്ടുമാസത്തിനുള്ളില്‍ പുതിയ ഫ്രീസര്‍ ഔട്ട്‌ലെറ്റും ഇവിടെ സ്ഥാപിച്ചു.
തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി കറന്റ് കണക്ഷനും നല്‍കി. ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നടത്തി വിപണനം ആരംഭിക്കാനുള്ള നടപടിമാത്രമാണ് ഇനി അവശേഷിക്കുന്നത്. ഫിഷറീസ് ബങ്കിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് സിപിഎമ്മിലെ ചില നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. അഞ്ചല്‍ ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകമ്മിറ്റികളില്‍ വിഷയം ചര്‍ച്ചചെയ്‌തെങ്കിലും വെസ്റ്റ് ബ്രാഞ്ചിലെ ഒരു വിഭാഗം നേതാക്കള്‍ ഇതിനെ എതിര്‍ത്തതായാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന രഹസ്യവിവരം. പാര്‍ട്ടിനേതാക്കള്‍ എതിര്‍ത്തതോടെ ഇടത് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണനേതൃത്വവും വെട്ടിലായി.
40 ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ പൂര്‍ത്തിയാക്കിയ പദ്ധതി പ്രയോജനപ്പെടുത്താനാകാതെ നശിക്കുകയാണ്. ഇതിനെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടില്ലെന്നതും തത്പരകക്ഷികളായ സിപിഎം നേതാക്കള്‍ക്ക് സഹായമായിരിക്കുകയാണ്. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതുമൂലം ഓരോ ഭരണകാലയളവിലും കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
ചന്തമുക്കിലെ ഫിഷറീസ് ബങ്ക് പ്രവര്‍ത്തനക്ഷമമായാല്‍ മാര്‍ക്കറ്റിനുള്ളിലെ ദുര്‍ഗന്ധത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുന്നതിനൊപ്പം അഞ്ചലില്‍ എത്തുന്നവര്‍ക്ക് നല്ല മത്സ്യം വാങ്ങാനുള്ള അവസരവും ലഭിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭരണനേട്ടമായി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന പദ്ധതി സ്വന്തം പാര്‍ട്ടിയിലെ ചില നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയ നടപടി അടിയന്തിരമായി പുനഃപരിശോധിച്ചില്ലെങ്കില്‍ പൊതുജനത്തിന്റെ പ്രതിഷേധം ശക്തമാകും.