മധുരം വിളമ്പിയത് സ്വന്തം പണം ഉപയോഗിച്ച്; മധുരം നല്‍കിയത് നല്ല ഉദ്ദേശത്തോടെ…! ജന്മദിനാഘോഷ വിവാദത്തിന് വിരാമമിട്ട് തച്ചങ്കരിയുടെ പരസ്യ ഖേദപ്രകടനം

Tominകോഴിക്കോട്: ജന്മദിനാഘോഷ വിവാദത്തിന് വിരാമമിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ പരസ്യ ഖേദപ്രകടനം. ഇന്ന് രാവിലെ കോഴിക്കോട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനൊപ്പം പങ്കെടുത്ത പരിപാടിയിലാണ് തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നേര്‍വഴി എന്ന സുരക്ഷാ ബോധവത്കരണ പരിപാടിക്കിടെയാണ് തച്ചങ്കരി തന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് പറഞ്ഞത്.

തന്റെ പണം ഉപയോഗിച്ചാണ് മധുരം വിളമ്പിയത്. താന്‍ മധുരം നല്‍കിയത് നല്ല ഉദ്ദേശത്തോടെയാണ്. എന്നാല്‍ ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ തന്റെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ എല്ലാം അത് തെറ്റാണെന്നും ഒഴിവാക്കേണ്ടതുമാണെന്ന് പറഞ്ഞു. അങ്ങനെ തെറ്റായ ധാരണ പരന്നതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് തച്ചങ്കരി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയുടെ പിറന്നാള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ആഘോഷിച്ചിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രി ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടി മൂലം നഗരപ്രദേശങ്ങളില്‍ 90 ശതമാനത്തോളം ആളുകള്‍ ഹെല്‍മെറ്റ് ധരിക്കാന്‍ തീരുമാനിച്ചതായും ഇത് ഗ്രാമങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റേയും നിയമ സാധുത ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടി മൂലം ഇരുചക്രവാഹനങ്ങളില്‍ നിന്നുള്ള അപകടമരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഗുണം കിട്ടിയെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Related posts