മുക്കം: പത്തുമാസം നീണ്ട പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി ഒരു മധ്യവേനലവധി കൂടി വന്നെത്തി. മധ്യവേനലവധിയില്‍ മലയോര മേഖലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശം നല്‍കി നിരവധി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളാണ് നടന്നുവരുന്നത്. മുക്കം മലയോരം ഗ്രൗണ്ടിലെ 16 വയസ്സിനുതാഴെ പ്രായമുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും മത്സരം, 12 വയസ്സിന് താഴെയുളളവരുടെ മത്സരം എന്നിവ മുക്കത്ത് മുന്നേറുകയാണ്.
കാരശേരിയില്‍ ഇരുവഴിഞ്ഞി കലാകായികവേദിയുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളിലാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു. തിരുവമ്പാടിയില്‍ കോസ്‌മോസിന്റെ നേതൃത്വത്തില്‍ അഖില കേരള സീനിയര്‍ സെവന്‍സ് ടൂര്‍ണമെന്റും പുരോഗമിക്കുകയാണ്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒഴിവുസമയങ്ങള്‍ വെറുതെ കളയുന്ന പുതുതലമുറയ്ക്ക് പുതിയ ദിശാബോധം നല്‍കുകയാണ് ഇത്തരം ടൂര്‍ണമെന്റുകൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ പ്രമുഖ അക്കാദമികള്‍ക്കൊപ്പം പ്രാദേശിക ടീമുകളും മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കാണികള്‍ക്ക് ആവേശമായി. അതിനിടെ മുക്കം മേഖലയില്‍ ശനിയാഴ്ച പെയ്ത മഴ മത്സരങ്ങള്‍ ഏറെനേരം തടസ്സപ്പെടാനും കാരണമായി. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ടൂര്‍ണമെന്‍റുകള്‍ക്ക് പുറമെ, വരുംദിവസങ്ങളിലും വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്‍റുകള്‍ നടക്കും. കളിസ്ഥലങ്ങളുടെ അഭാവവും വലിപ്പക്കുറവും പലയിടങ്ങളിലും ഫൈവ്‌സുലേക്കും ത്രീസിലേക്കും ടൂര്‍ണമെന്റുകള്‍ മാറാന്‍ കാരണമായിട്ടുണ്ട്.