പനച്ചിക്കാട്: അക്ഷരദേവതയുടെ സന്നിധിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ നാടിന്റെ നാനാദിക്കില്‍ നിന്നും കുരുന്നുകളുടെ നിലയ്ക്കാത്ത പ്രവാഹം. ഹരിശ്രീ മന്ത്രധ്വനികള്‍ കൊണ്ട് മുഖരിതമായ പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്നു പുലര്‍ച്ചെ മുതല്‍ ആചാര്യന്മാരുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ചത്. ഇണങ്ങിയും, പിണങ്ങിയും, കുറുമ്പ് കാട്ടിയും കുരുന്നുകള്‍ അറിവിന്റെ മാധുര്യം നുണയുമ്പോള്‍ മാതാപിതാക്കളുടെ നാവിലും മന്ത്രധ്വനികളുയര്‍ന്നു. ദേവി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ 50ല്‍പ്പരം ആചാര്യന്മാരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.
പുലര്‍ച്ചെ നാലിന് തുടങ്ങിയ വിദ്യാരംഭചടങ്ങ് വൈകുന്നേരം വരെ നീണ്ടു നില്ക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ ഭക്തജനങ്ങള്‍ ഇന്നലെ തന്നെ ക്ഷേത്രസന്നിധിയില്‍ എത്തിയിരുന്നു. പണിശാലകളില്‍ പണിയായുധങ്ങളും, വീടുകളില്‍ പാഠപുസ്തകങ്ങളും പൂജയ്ക്കുവച്ചവരും, നാനാതുറയില്‍പ്പെട്ട ഭക്തജനങ്ങളും രാവിലെ തന്നെ തൊഴുതുമടങ്ങാന് ക്ഷേത്രത്തിലെത്തി. ദേവിയെ തൊഴുതുമടങ്ങുന്നതിനൊപ്പം ആദ്യാക്ഷരത്തിന്റെ മാധുര്യം ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയാന്‍ സന്നിധിയിലെ മണല്‍തിട്ടയില്‍ വീണ്ടും ഹരിശ്രീ കുറിച്ച് മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.
കലാമണ്ഡപത്തില്‍ ഇന്ന് ഉച്ചയക്ക് 12.25 മുതല്‍ സംഗീതം, 1.55ന് മൃദംഗം, ഉച്ചകഴിഞ്ഞ് 2.05ന് സംഗീതം, 2.15ന് മൃദംഗം, 2.20 മുതല്‍ സംഗീതം, 3.05ന് മൃദംഗം, 3.10ന് ദേവീഗീതം, 3.15ന് സംഗീതം, 3.30ന് വയലിന്, 3.35ന് വീണകച്ചേരി, 3.45ന് തിരുവാതിര, വൈകുന്നേരം 4.10ന് നൃത്തവിസ്മയം, 4.30ന് ഭരതനാട്യം, 4.45ന് ജൂഗല്‍ബന്ധി, അഞ്ചിന് ഭജന, 5.30ന് ഈശ്വരനാമഘോഷം, 6.30ന് കളരി, രാത്രി ഏഴിന് ഭരതനാട്യം, എട്ട് മുതല്‍ ശാസ്ത്രീയനൃത്തം, 12ന് ഭരതനാട്യം.