കൊച്ചി: മഴക്കാലം അടുത്ത സാഹചര്യത്തില്‍ അപകടാവസ്ഥയില്‍ റോഡിന്റെ വശങ്ങളില് നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം ആര്‍ഡിഒമാര്‍ക്കും പൊതുമരാമത്ത് നിരത്തു വിഭാഗത്തിനും നിര്‍ദേശം നല്കി. കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സ്ഥാപിച്ചു. ഫോണ്‍: 0484 2423513, 2422282. മഴക്കാലത്ത് വൈദ്യുത ലൈനുകള്‍ പൊട്ടിവീണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതലെടുക്കാന്‍ കെഎസ്ഇബിക്കും നിര്‍ദേശം നല്കി.
മഴക്കാലകെടുതികള്‍ നേരിടുന്നതിന് പോലീസ് പ്രത്യേക മണ്‍സൂണ്‍ ടീം രൂപീകരിക്കും. ചെല്ലാനം വില്ലേജിലെ കടലാക്രമണങ്ങള്‍ നേരിടുന്നതിന് മണല്‍ ചാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുളള എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് മുഖേന സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ 24 മണിക്കൂറും റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകളിലെ ജീവനക്കാരുടെ സേവനം ഉറപ്പാക്കും. അതിവേഗം ജലനിരപ്പ് ഉയരുവാന് സാധ്യതയുളള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. തുടര്‍ച്ചയായി മഴയുള്ളപ്പോള്‍ കരിങ്കല്‍ ഖനനം നടക്കുന്നില്ലെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം.
മഴസമയം വാഹനങ്ങള്‍ വേഗനിയന്ത്രണം പാലിക്കുന്നുണെ്ടന്ന് ഉറപ്പുവരുത്തുവാന്‍ റോഡ് സുരക്ഷാ അഥോറിറ്റിക്ക് നിര്‍ദേശം നല്കി. അടിയന്തര ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ കണെ്ടത്തി, വില്ലേജുതല ലിസ്റ്റ് തയാറാക്കി സമര്‍പ്പിക്കുവാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. കടല്‍ക്ഷോഭം മൂലമുള്ള ദുരിതം നേരിടുന്നതിനായി ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണെ്ടത്തി തീരദേശ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കണം. ഈ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിന് അനുയോജ്യമായ കെട്ടിടങ്ങള്‍ കണെ്ടത്തണം.
കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ സംഭവസ്ഥലത്തെത്തുന്നതിന് ഹൈസ്പീഡ് ബോട്ടുകളുടെ ലഭ്യത ഫിഷറീസ് വകുപ്പും ഉറപ്പാക്കണം. കുളിക്കടവുകളിലും ജലനിപ്പ് ഉയരുവാന് സാധ്യതയുള്ള സ്ഥലങ്ങളിലും അപകടസാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സലിന് നിര്‍ദേശം നല്കി. ഓടകള്‍, കാനകള്‍, കനാലുകള്‍ എന്നിവ വ്യത്തിയാക്കുന്നതിനും നീരൊഴുക്ക് തടസപ്പെടാതെ സംരക്ഷിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ആംബുലന്‍സുകളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താനും 102 എന്ന അംഗീകൃത ടെലിഫോണ്‍ നമ്പര്‍ വഴി ആംബുലന്‍സ് ശൃംഖല രൂപീകരിക്കുന്നതിനും ആര്‍ടിഒയ്ക്കു നിര്‍ദേശം നല്കി.
വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും, കായലോരങ്ങളിലും കടല്‍ത്തീരത്തും അപകട സാധ്യത ബോര്‍ഡുകള്‍ ഡിടിപിസി സ്ഥാപിക്കും. റോഡുകളിലെ വളവുകളില്‍ അപകട സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും. പോലീസ് നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തും. ഡാമുകള്‍ നിറഞ്ഞ് ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഡാം സുരക്ഷാ അഥോറിറ്റി, ജലസേചന വകുപ്പ്, കെഎസ്ഇബി എന്നീ വകുപ്പുകള്‍ ബന്ധപ്പെട്ട ജില്ലകളിലെ ദുരന്തനിവാരണ അഥോറിറ്റിയെ വിവരം അറിയിക്കണം. താലൂക്ക് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഡപ്യൂട്ടി കളക്ടര്‍മാരെ ചാര്‍ജ് ഓഫീസര്‍മാരായി നിയമിക്കും. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
അമോണിയ പോലുള്ള അപകടകരമായ രാസപദാര്‍ഥങ്ങള്‍ വാഹങ്ങളില്‍ കൊണ്ടുപോകുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനു പോലീസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഫയര്‍ ആന്‍ഡ് റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കും. ഓട്ടോറിക്ഷകളില്‍ അനുമതിയില്‍ കൂടുതല്‍ യാത്രക്കാതെ കയറ്റുന്നത് നിരോധിക്കും. സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം സി. ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.