മഴയിലും കാറ്റിലും വൈദ്യുത പോസ്റ്റുകള്‍ നിലംപൊത്തി; ഒഴിവായത് വന്‍ ദുരന്തം

KTM-POSTകടുത്തുരുത്തി: കനത്ത കാറ്റിലും മഴയിലും പാടത്തുകൂടി കടന്നു പോകുന്ന വൈദ്യൂതി പോസ്റ്റുകള്‍ നിലംപൊത്തി. ഈ സമയം പാടത്തു പുല്ല് ചെത്തുകയായിരുന്ന സ്ത്രീകള്‍ ഓടി സമീപത്തെ റോഡില്‍ കയറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വാലാച്ചിറ സബ് സ്റ്റേഷനു സമീപത്തെ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.

വാലാച്ചിറ സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെവി ലൈന്‍ കടന്നു പോകുന്ന പോസ്റ്റുകളാണ് നിലം പൊത്തിയത്. അടുത്തടുത്ത് നിന്നിരുന്ന മൂന്നു മരപോസ്റ്റുകളാണ് മറിഞ്ഞു വീണത്. കാറ്റിലും മഴയിലും പതിയെ പോസ്റ്റ് ചെരിയുന്നതു ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഒച്ചവച്ചതിനെത്തുടര്‍ന്നു പാടത്തു പുല്ല് ചെത്തുകയായിരുന്ന സ്ത്രീകളെല്ലാം ഓടി സമീപത്തെ റോഡില്‍ കയറുകയായിരുന്നു. ഇവര്‍ നാലുപേരും റോഡില്‍ കയറിയ ശേഷമാണ് പോസ്റ്റുകള്‍ പൂര്‍ണമായും പാടത്തേക്കു ചരിഞ്ഞത്.

വെള്ളം നിറഞ്ഞ പോസ്റ്റുകള്‍ പാടത്തേക്കു മറിഞ്ഞെങ്കിലും ലൈനിലൂടെയുള്ള വൈദ്യുതി പ്രവാഹം നിലച്ചിരുന്നില്ല. പിന്നീട് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു വൈദ്യുതി വകുപ്പ് ഓഫീസില്‍നിന്നും ജീവനക്കാരെത്തിയാണ് ഇതിലൂടെയുള്ള വൈദ്യുതി പ്രവാഹം കട്ടാക്കിയത്. പോസ്റ്റുകള്‍ ചരിഞ്ഞതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.

പോസ്റ്റുകള്‍ നിവര്‍ത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ രാത്രിയിലും ശ്രമം തുടരുകയാണ്. മറിഞ്ഞ പോസ്റ്റുകള്‍ക്ക് സമീപം പാടത്തിന്റെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോമറും അപകടാവസ്ഥയിലാണെന്നും ഇത് ഏതുസമയത്തും പാടത്തേക്കു നിലം പൊത്താവുന്ന രീതിയിലാണെന്നും സമീപവാസികള്‍ പറഞ്ഞു.ഇപ്പോള്‍ ചരിഞ്ഞതുള്‍പ്പെടെ പാടത്ത് കൂടി 11 കെവി ലൈന്‍ വരുന്ന പോസ്റ്റുകള്‍ അപകടാവസ്ഥയിലാണെന്നും ഏതു സമയവും മറിഞ്ഞു വീഴാനുള്ള സാധ്യതയുണെ്ടന്നും കാണിച്ചു മുമ്പ് കെഎസ്ഇബിക്ക് നിവേദനം നല്‍കിയിരുന്നതാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts