നെയ്യാറ്റിന്‍കര: മാതൃഭാഷയ്ക്കു പുറമേ മറ്റു ഭാഷകളും പരിശീലിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരനുമായ സോമനാഥ് മോദി അഭിപ്രായപ്പെട്ടു. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രവും അഖിലേന്ത്യാ ചക്കാല സമുദായ സംഘവും സംയുക്തമായി നെയ്യാറ്റിന്‍കര മണലുവിള തുഞ്ചന്‍ഗ്രാമത്തില്‍ സംഘടിപ്പിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമാ അനാഛാദന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന് മഹത്തായ പാരമ്പര്യമുണ്ട്. പൂര്‍വികരുടെ സമ്പത്ത് സംരക്ഷിക്കുന്നതില്‍ നാം ശ്രദ്ധ ചെലുത്തണം.
ആണ്‍കുട്ടികള്‍ക്കെന്ന പോലെ പെണ്‍കുട്ടികള്‍ക്കും മികച്ച ഭാവിയുണ്ടാകണമെന്ന് ഓര്‍മിപ്പിച്ച സോമനാഥ് മോദി സ്ത്രീധനം ഒരു വലിയ ശാപമാണെന്നും വിദ്യാസമ്പന്നയായ സ്ത്രീയാണ് ഏറ്റവും വലിയ ധനമെന്നും കൂട്ടിച്ചേര്‍ത്തു. കെ. രംഗനാഥന്‍ അധ്യക്ഷനായിരുന്നു. മുന്‍ എംപി രാംനാരായണ്‍ സാഹു, റാം മോഹന്‍ മോദി, അഡ്വ. വി. രാമചന്ദ്രന്‍പിള്ള, ഡോ. ബി.എസ് ബാലചന്ദ്രന്‍, ഗിരിജാ സേതുനാഥ്, കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.