ചങ്ങരംകുളം: മാന്ത്രികക്കുടം ഉപയോഗിച്ച് പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ ചങ്ങരംകുളം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം എടപ്പാളിലെ ഹോട്ടലില്‍ ഇടപാടുകാരുടെ കൂടിച്ചേരല്‍ നടക്കുന്നതിന്റെ രഹസ്യവിവരം അറിഞ്ഞ ചങ്ങരംകുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്, മാന്ത്രികക്കുടം ഉപയോഗിച്ച് കോടികള്‍ തട്ടുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘത്തിലെ ഒരു സ്ത്രീ അടക്കം പത്ത് പേരെ അറസ്റ്റു ചെയ്തത്. സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.
ഒന്നാം പ്രതി നരിപ്പറമ്പ് സ്വദേശി കറുങ്ങേടത്ത് ജയപ്രകാശ്(43), രണ്ടാം പ്രതി കേരള പീപ്പിള്‍ ഡവലപ്പ്‌മെന്റ് ഫോറം എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ, പറളി സ്വദേശി സരസ് അപ്പാര്‍ട്ട്‌മെന്റിലെ എ.കെ. അബ്ദുറഹിമാന്‍ (43), പുറങ്ങ് സ്വദേശി പാലക്ക വളപ്പില്‍ അബ്ദുള്‍ റഷീദ് (27), ഈഴുതുരുത്തി സ്വദേശി മുക്കാണത്ത് പറമ്പില്‍ വിജയ്കുമാര്‍ (47), പാലക്കാട് കല്ല്യാന്‍പളളി സ്വദേശി ഗായത്രി ഹൗസില്‍ പ്രേമചന്ദ്രന്‍ (38), എടപ്പാള്‍ വട്ടംകുളം സ്വദേശി വേരുപുലാക്കല്‍ അബ്ദുല്‍ സലീം (39), കോലളമ്പ് സ്വദേശി കൊരട്ടിയില്‍ ഹഫീസുദ്ദീന്‍ (32), ഒലവക്കോട് സ്വദേശി റാഹിയ മന്‍സിലില്‍ നിഷാദ് അഹമ്മദ് എന്ന നിസാര്‍ (29), കുറ്റിയാടി സ്വദേശി പറച്ചാലില്‍ മനോഹരന്‍ (41), തൃശൂര്‍ പഴയന്നൂര്‍ സ്വദേശി തെഞ്ഞേതില്‍ ലത എന്ന ദ്രൗപതി (24) എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപക്ക് വിറ്റഴിക്കുന്ന മാന്ത്രിക താഴികക്കുടം വയനാട് ആദിവാസികുടുംബത്തിലെ ഗോത്രവിഭാഗങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍ ഉണ്ടെന്നും ഇത് സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയാല്‍ മതിയെന്നും ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേനയാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. റൈസ് പുളളര്‍ എന്നറിയപ്പെടുന്ന താഴികക്കുടത്തിന്റെ വിശ്വാസ്യത നേരില്‍ കണ്ട് ചില മാന്ത്രിക പൊടിക്കൈകളിലൂടെ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘവുമുണ്ട്. സംസ്ഥാനത്തെ പലഭാഗങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.