മാന്നാര്‍: പരുമല ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.കായംകുളം-തിരുവല്ല സംസ്ഥാന പാത കടന്നു പോകുന്ന പരുമല ജംഗ്ഷനില്‍ പരുമല റോഡ് കൂടി ചേരുന്ന ഭാഗമാണ് ഇത്.വളരെ തിരക്കുള്ള സംസ്ഥാന പാതയില്‍ പരുമലയില്‍ നിന്നുള്ള ചെങ്ങന്നൂര്‍ റോഡും വാഹന തിരക്കില്‍ മുമ്പിലാണ്.മൂന്ന് റോഡുകളും ചേരുന്ന ഈ ഭാഗത്ത് ഇപ്പോള്‍ ഹോംഗാര്‍ഡും പോലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചു വരുന്നത്.
ഇത് പലപ്പോഴും കാലതാമസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ഒരപകടമെങ്കിലും ഉണ്ടാകാത്ത ദിനങ്ങള്‍ ഇവിടെ കുറവാണ്.സംസ്ഥാന പാതകളിലെ നിരന്തരമായ അപകടങ്ങള്‍ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച ഗതാഗത കമ്മീഷന് മാന്നാര്‍ ഭാഗത്തെ സ്ഥിര അപകടങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ പാര്‍ക്കിംഗും ഗതാഗത നിയന്ത്രണത്തിലെ പോരായ്മകളുമാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. സംസ്ഥാന പാതയില്‍ പരുമല ജംഗ്ഷന്,തൃക്കരുട്ടി ക്ഷേത്ര ജംഗ്ഷന്.സ്റ്റോര്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണെന്നതായിരുന്നു ഒരു നിര്‍ദ്ദേശം.
കൂടാതെ സ്ഥിരമായി അപകടങ്ങള്‍ പതിയിരിക്കുന്ന ചില വളവുകള്‍ ശരിയയാക്കണെന്നും റോഡ് വക്കുകളില്‍ അപകട ദിശാ സൂചികകള്‍ ഇല്ലാത്ത ഇടങ്ങളില്‍ ഇവ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതില്‍ യാതൊന്നും നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.ഏറെ വാഹനത്തിരക്കുള്ള മാന്നാര്‍ ടൗണിലെങ്കിലും ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി എടുക്കേണ്ടിയിരിക്കുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് ഭരണ സമതി മുന്‍ കൈയ്യെടുത്ത് എംഎല്‍എ യുടെയോഎംപി യുടെയോ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള ഉള്ള പണം ഉപയോഗിച്ച് ഇവ നിര്‍മ്മിക്കുവാന്‍ നടപടി ഉണ്ടാകണെന്നാണ് നാട്ടുകാരുടെ ആവശ്യം.