ചെറായി: മുക്കിലും മൂലയിലും മാലിന്യം കുമിഞ്ഞുകൂടിയതോടെ ടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചില്‍ മൂക്ക് പൊത്താതെ നടക്കാന്‍ വയ്യാത്ത അവസ്ഥയായി. അത്രക്ക് ദുര്‍ഗന്ധപൂരിതമാണ് ബീച്ചിലെ അന്തരീക്ഷം. വിദേശികള്‍ അടക്കമുള്ള ടൂറിസ്റ്റുകള്‍ പലയിടത്തും കണ്ണും മൂക്കും പൊത്തിയാണ് ബീച്ചിലൂടെ കടന്നു പോകുന്നത്.
പലയിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ കവറിലും പ്ലാസ്റ്റിക് ചാക്കുകളിലുമാക്കി ബീച്ചില്‍ കൊണ്ടു വന്ന് നിക്ഷേപിച്ചിരിക്കുകയാണ്. കടല്‍ഭിത്തിക്കരികിലും റോഡുവക്കിലുമൊക്കെ മാലിന്യം വലിച്ചെറിഞ്ഞിട്ടിരിക്കുകയാണ്. സല്‍ക്കാരങ്ങളിലും മറ്റും വരുന്ന അവശിഷ്ടങ്ങളും ബീച്ചുകളില്‍ തന്നെയുള്ള ചില ഹോം സ്റ്റേകളിലെ മിനി ഹാളുകളില്‍ നിന്നും പുറം തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളുമാണ് പ്രധാനമായി ബീച്ചില്‍ കൊണ്ടു വന്നിടുന്നതെന്നാണ് സൂചന. രാത്രികാലങ്ങളിലായതിനാല്‍ ആരാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് വ്യക്തമായി കണ്ടു പിടിക്കാന്‍ കഴിയുന്നില്ല.