ചങ്ങനാശേരി: മാളികപ്പുറം മേല്‍ശാന്തി നിയമനം ഗണപതിയുടെ അനുഗ്രഹമെന്ന് തുരുത്തി പുതുമന ഇല്ലത്ത് എം.ഇ. മനുകുമാര്‍ നമ്പൂതിരി. നിയമനം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് ചങ്ങനാശേരി കാവില്‍ ഭഗവതി ക്ഷേത്രത്തില്‍വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗണപതിഭക്തനാണെന്നും ഗണപതിയുടെ അനുഗ്രഹം തനിക്ക് എന്നുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലിചെയ്തുവരികയാണ് മനു നമ്പൂതിരി. തുരുത്തി പുതുമന ഇല്ലത്ത് പരേതനായ ഈശ്വരന്‍ നമ്പൂതിരിയുടെ മകനായ മനു കുടുംബക്ഷേത്രമായ പുതുമനയോടു ചേര്‍ന്ന് ഗണപതിയുടെ പേരില്‍ തന്ത്രവിദ്യാപീഠം നടത്തുന്നുണ്ട്. നിരവധി പേരാണ് മനു നമ്പൂതിരിയുടെ ശിക്ഷണത്തില്‍ താന്ത്രികവിദ്യ അഭ്യസിച്ചിട്ടുള്ളത്.
കഴിഞ്ഞ 25 വര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട് ശാന്തിയായി സേവനംചെയ്തുവരികയാണ് മനു നമ്പൂതിരി. സൂഷ്മപരിശോധനാ പട്ടികയില്‍നിന്നാണ് മനു നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറം മേല്‍ശാന്തി നിയമനം ദേവശുശ്രൂഷയുടെ നിയോഗമാണെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും മനു നമ്പൂതിരി പറഞ്ഞു. മഹേശ്വരന്‍ നമ്പൂതിരിയും ഇന്ദുവും സഹോദരങ്ങളാണ്.