കടുത്തുരുത്തി: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുമ്പേ മതിലുകള്‍ ബുക്ക് ചെയ്തു രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും. സ്ഥാനാര്‍ഥികള്‍ ആരെന്നുപോലും ചിത്രം തെളിയും മുമ്പേയാണ് മതിലുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമയമാകുമ്പോള്‍ പ്രചാരണത്തിന് മതില് ലഭിക്കാതാവരുതെന്ന മുന്‍കരുതലാണ് നേരത്തെ തന്നെ പരസ്യപ്രചാരണത്തിനുള്ള മതിലുകള്‍ ബുക്ക് ചെയ്യാന്‍ കക്ഷികളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ തന്നെയാണ് ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കാന്‍ കാരണം. പ്രധാന റോഡുകളുടെ വശങ്ങളിലെ മതിലുകളും ഇടവഴികളിലെ മതിലുകളുമെല്ലാം ഇത്തരത്തില്‍ ബുക്ക്ഡ് എന്നു രേഖപ്പെടുത്തി കഴിഞ്ഞു.
എന്നാല്‍ പലയിടത്തും വീട്ടുകാരുടെ അനുമതി പോലും തേടാതെയാണ് മതിലുകളില്‍ ബുക്കിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ളെക്സുകള്‍ക്കും മറ്റു നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പരമാവധി ചുവരെഴുത്തുകള്‍ തന്നെയാവും ഇക്കുറി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിക്കുകയെന്നതും മതിലുകളുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗിന് കാരണമായിട്ടുണ്ട്.