നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര തൊഴുക്കലില്‍ മൂന്നംഗ സംഘം മധ്യവയസ്കനെ വീടു കയറി വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴുക്കല്‍ പാളയം വടക്കേ തൈത്തോട്ടം സ്വദേശി മധു (50) വിനെയാണ് ഇന്നലെ രാത്രി ഒമ്പതരയോടെ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. റോഡില്‍ നിന്നും വീടു വരെ ബൈക്ക് പോകാനുള്ള വഴിയില്ല. ബൈക്ക് റോഡില്‍ നിറുത്തിയതിനുശേഷം അക്രമികള്‍ വീട്ടില്‍ ചെന്ന് മധുവിനെ മാരകായുധങ്ങളാല്‍ വെട്ടുകയായിരുന്നു. കൈയ്ക്കും കാലിനും ശിരസ്സിനും മുറിവേറ്റതായി പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
തൊഴുക്കലില്‍ ഇത്തരം അക്രമിസംഘങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നതായും ആക്ഷേപമുണ്ട്. കൂട്ടപ്പന, മൂന്നുകല്ലിന്‍മൂട്, ആറാലുംമൂട് ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധശല്യം പെരുകുന്നതായി പരാതിയുയരുന്നു. ബൈക്കിലെത്തുന്ന സാമുഹ്യവിരുദ്ധ സംഘങ്ങള്‍ പട്ടാപ്പകല്‍ സ്ത്രീകളുടെ മാല പിടിച്ചുപറിക്കാനും മറ്റും ശ്രമിച്ചതായും പരാതിയുണ്ട്. ആറാലുംമൂട് ഭാഗത്തു നാട്ടുകാര്‍ക്ക് തലവേദനയായിരുന്ന ഒരു സാമൂഹ്യവിരുദ്ധനെ കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.