മൂന്നാഴ്ചയായി പണമില്ല; പാല്‍ റോഡില്‍ ഒഴുക്കി പ്രതിഷേധം

ekm-milkതിരുമാറാടി: പാല്‍ അളന്നു കിട്ടേണ്ട പണം മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുമാറാടിയില്‍ ക്ഷീരകര്‍ഷകര്‍ റോഡില്‍ പാല്‍ ഒഴുക്കി പ്രതിഷേധിച്ചു. പാമ്പാക്കുട ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന തിരുമാറാടി ക്ഷീര സംഘത്തില്‍പ്പെട്ട കര്‍ഷകരാണ് ഇന്നലെ രാവിലെ ഒലിയപ്പുറം നടക്കാവ് ഹൈവേയില്‍ പാല്‍ ഒഴുക്കി പ്രതിഷേധിച്ചത്.

മേഖലയിലെ ഭൂരിഭാഗം കര്‍ഷകരും ആശ്രയിക്കുന്നത് പാല്‍ വിറ്റു കിട്ടുന്ന വരുമാനമാണ്. കര്‍ഷകര്‍ക്ക് നല്‌കേണ്ട 8,37,000 രൂപ ഇതുവരെ നല്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘം പ്രസിഡന്റ് ജോയി പനച്ചിയില്‍ പറഞ്ഞു. മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ ക്ഷീരകൃഷിയിലേക്ക് തിരിഞ്ഞ സാഹചര്യത്തില്‍ പെട്ടെന്നുണ്ടായ പണം ഇടപാടിലെ സ്തംഭനം ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകായ്.

കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കിയെങ്കിലും ഈ തീരുമാനം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതല്ല. പാല്‍ അളന്നു നല്കിയ ശേഷം ബാങ്കില്‍ ക്യൂ നിന്ന് പണം പിന്‍വലിക്കുന്നതു പ്രായോഗികമായി നടക്കുന്ന കാര്യമല്ലെന്നു കര്‍ഷകരുടെ പ്രതിനിധികള്‍ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംഘത്തിലെ മുഴുവന്‍ കര്‍ഷകരും റോഡില്‍ പാല്‍ ഒഴുക്കി പ്രതിഷേധിച്ചത്.

Related posts