എരുമേലി: മൂര്‍ഖന്റെ കടിയേറ്റ മുക്കട വാകത്താനം മാന്തറയില്‍ ബിജു ഇന്നു പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ഏതു വിഷനാഗത്തെയും കൈപ്പിടിയിലാക്കി മെരുക്കി സ്‌നേഹത്തോടെ വനത്തിലെ ആവാസസ്ഥലങ്ങളിലേക്ക് വിട്ടിരുന്ന ബിജു ഇനി നൊമ്പരമുള്ള ഓര്‍മയാകുകയാണ്. മുറിവേറ്റ മൂര്‍ഖനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിജുവിനു കടിയേറ്റത്. ഇന്നലെ രാവിലെ 11ന് പൊന്തന്‍പുഴ മൃഗാശുപത്രിയില്‍വച്ചാണ് ചികിത്സ നല്‍കാനായി മൂര്‍ഖനെ ചാക്കിനുള്ളില്‍നിന്നു പുറത്തെടുക്കുന്നതിനിടെ ബിജുവിന്റെ കൈത്തണ്ടകളില്‍ കടിയേറ്റത്.
ഉടന്‍തന്നെ വനപാലകര്‍ തങ്ങളുടെ ജീപ്പില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരത്തോടെ നില വഷളാകുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ ബിജു.
നാഷണല്‍ ജോഗ്രഫിക്കല്‍ ചാനലില്‍ പാമ്പുകളുടെ ജീവിതരീതികളും അവയെ പിടികൂടുന്നതും കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ പാമ്പുപിടിത്തത്തില്‍ ആകൃഷ്ടനാകുകയായിരുന്നു. പാമ്പുകളെ പിടികൂടി ആളുകളുടെ ഭീതി അകറ്റുകയും ശരിയായ ആവാസസ്ഥലം കണ്ടെത്തി അവയെ തുറന്നുവിടുകയും ചെയ്തിരുന്നു. രണ്ടായിരത്തില്‍പ്പരം പാമ്പുകളെ പിടികൂടിയ ബിജു ഇതെല്ലാംതന്നെ നാട്ടുകാര്‍ക്കും വനപാലകര്‍ക്കുംവേണ്ടിയായിരുന്നു. ആഴമേറിയ കിണറ്റില്‍നിന്നും വരെ സാഹസികമായി ഇറങ്ങി പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞദിവസം ചേത്തയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ എലിഫന്റ് സ്ക്വാഡിലെ അംഗം എം.ആര്‍. ബിജുവിന്റെ പുരയിടത്തില്‍നിന്നാണ് പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒമ്പതു വയസ് പ്രായവും ആറര അടി നീളവുമുള്ള സ്‌പെക്ടക്കില്‍ കോബ്രാ എന്ന കരിമൂര്‍ഖനെ ബിജു പിടികൂടിയത്. ജെസിബി ഉപയോഗിച്ച് പുരയിടം കിളയ്ക്കുന്നതിനിടെ കണ്ടെത്തിയ കരിമൂര്‍ഖന് ജെസിബിയുടെ ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. മുട്ടകള്‍ വിരഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങള്‍ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ കരിമൂര്‍ഖനെ ചികിത്സിക്കാന്‍ ശ്രമിച്ചതാണ് ബിജുവിന് വിനയായത്. മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.