മൂവാറ്റുപുഴയില്‍ എടിഎം തട്ടിപ്പ്: അഞ്ചു പേര്‍ പിടിയില്‍

kkd-atmമൂവാറ്റുപുഴ: എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ അഞ്ചുപേര്‍ പോലീസ് പിടിയില്‍. എറണാകുളം, ആലപ്പുഴ പ്രദേശങ്ങളില്‍പ്പെട്ട സംഘങ്ങളാണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സംഘം സ്വയം വികസിപ്പിച്ചെടുത്ത യന്ത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്. വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ച് ലക്ഷങ്ങളാണ് സംഘം തട്ടിയിരിക്കുന്നത്. എടിഎം കൗണ്ടറുകളിലും മറ്റും രഹസ്യമായി പിടിപ്പിക്കുന്ന യന്ത്രം വഴി പിന്‍ നമ്പറും മുഴുവന്‍ ബാങ്ക് വിവരങ്ങളും സംഘത്തിന് അറിയാന്‍ സാധിക്കും.

ഇവര്‍ നിര്‍മിച്ച എടിഎം കാര്‍ഡ് വഴി പിന്നീട് പണം പിന്‍വലിക്കുകയായിരുന്നു. രണ്ടുമാസം മുന്‍പ് വാളകം സ്വദേശികളായ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടിഎം വഴി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വാളകം കുന്നയ്ക്കാല്‍ തൊണ്ടും കുഴിയില്‍ ടി.ഒ ബേബി ഭാര്യ ഷേര്‍ളി എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്.
ഫോണില്‍ വിളിച്ച് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു ഇവരെ കബളിപ്പിച്ചത്.

വാളകം എസ്ബിടിയിലുള്ള എടിഎമ്മിന്റെ കാലാവധി കഴിഞ്ഞെന്നും പുതുക്കുന്നതിന് പിന്‍നമ്പര്‍ തരണമെന്നും ബേബിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു  ഉടന്‍ ബേബി പിന്‍ നമ്പര്‍ നല്‍കുകയും ചെയ്തു. പിന്നീട് മിനിറ്റുകള്‍ക്കുള്ളില്‍ പണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

Related posts