മുളങ്കുന്നത്തുകാവ്: പിഡബ്ല്യുഡിക്കാര്‍ നന്നാക്കാന്‍ മടിച്ചുനിന്ന തൃശൂര്‍ഗവ.മെഡിക്കല്‍ കോളജിലെ തകര്‍ന്നുതരിപ്പണമായ റോഡ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ടാര്‍ചെയ്ത് നന്നാക്കിയെടുത്തു. വെളപ്പായ ഒപി റോഡു മുതല്‍ ആശുപത്രിയുടെ മുന്‍ഭാഗം വരെയുള്ള 750 മീറ്റര്‍ റോഡാണ് 28 ലക്ഷംരൂപ ചെലവിട്ട് പൂര്‍വ വിദ്യാര്‍ഥികള്‍ നന്നാക്കിയെടുത്തത്. യാത്ര ചെയ്യാന്‍ കഴിയാത്ത വിധം ദുര്‍ഘടം പിടിച്ചതും അപകടങ്ങള്‍ പതിവായതുമായ റോഡാണ് ഇവര്‍ ടാര്‍ ചെയ്ത് യാത്രായോഗ്യമാക്കിയത്. പലതവണ പിഡബ്ല്യുഡി അധികൃതരടക്കമുള്ളവരോട് റോഡ് നന്നാക്കാന്‍ നിവേദനവും അപേക്ഷയും നല്‍കിയെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണ് പൂര്‍വവിദ്യാര്‍ഥികള്‍ കളത്തിലിറങ്ങിയത്.
മെഡിക്കല്‍ കോളജിനുവേണ്ടി കോടികള്‍ ചെലവഴിച്ച് ഇന്‍ഡോര്‍ സ്‌റ്റേഡിയവും കോണ്‍ഫറന്‍സ് ഹാളും നിര്‍മിച്ച് നല്‍കിയ ഈ പൂര്‍വ വിദ്യാര്‍ഥികള്‍ ലക്ഷങ്ങള്‍ മുടക്കി റോഡുകൂടി നന്നാക്കിക്കൊണ്ട് കോളജിനോടുള്ള തങ്ങളുടെ സ്‌നേഹം വ്യക്തമാക്കിയിരിക്കുകയാണ്. 750 മീറ്റര്‍ റോഡ് ടാര്‍ചെയ്ത് കാനകള്‍ കെട്ടി റോഡിന് സംരക്ഷണ ഭിത്തി ഒരുക്കി. വലിയ കോണ്‍ക്രീറ്റ് ടൈലുകള്‍ പതിച്ച് റോഡ് ഭംഗിയാക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ അലുംനി അസോസിയേഷനാണ് ഇതെല്ലാം ചെയ്തത്.