കാലടി: മലയാറ്റൂര്‍-നിലീശ്വരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മൊബൈല്‍ ടവറില്‍ എടിസി കമ്പനി പ്രസരണശേഷിയേറിയ ആന്റിനകള്‍ സ്ഥാപിക്കുന്നതിനെതിരെ തദ്ദേശവാസികള്‍ നിവേദനം നല്കി. 2008ല്‍ വിവിധ കമ്പനികളുടെ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തു നല്കിയ അനുമതിയുടെ മറവിലാണ് അത്യുഗ്ര ശേഷിയുള്ള ആന്റിനകള്‍ സ്ഥാപിക്കാന്‍ കമ്പനിയുടെശ്രമമെന്ന് ജില്ലാകളക്ടര്‍, എസ്പി, ഡിവൈഎസ്പി, കാലടി പോലീസ്, മലയാറ്റൂര്‍-നിലീശ്വരം പഞ്ചായത്തു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു.
പ്രസരണശേഷി വ്യാപിപ്പിക്കുന്നതിനുള്ള ആന്റിനകള്‍ കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നതാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണം. പോലീസിന്റെ സംരക്ഷണയില്‍ ആന്റിന സ്ഥാപിക്കുവാനുള്ള ശ്രമത്തെ ചെറുക്കുമെന്നും ഒരു ജീവന് മരണസമരത്തിന് തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും തദ്ദേശവാസികള്‍ നിവേദനത്തില്‍ പറയുന്നു.
ഈ ജനകീയ സമരത്തിന് എല്ലാപിന്തുണയും നല്‍കുമെന്ന് ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാക്കളായ ടി.ഡി. സ്റ്റീഫന്‍, നെല്‍സണ്‍ മാടവന, സിപിഎം നേതാവ് എം.എസ്. ദേവരാജന്‍, തോമസ് കാടപ്പറമ്പന്‍, ജനതാദള്‍ മണ്ഡലം പ്രസിഡന്റ് പി.സി. സജീവ്, റിജോ മേനാച്ചേരി എന്നിവര്‍ അറിയിച്ചു.