തിരുവനന്തപുരം : മയക്കുമരുന്നു കേസിൽ മകൻ ബിനീഷ് കോടിയേരി പ്രതിയായ സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയാൻ ആലോചിക്കുന്നു.
ദേശീയ തലത്തിൽത്തന്നെ ബിനീഷ് വിഷയത്തിൽ പാർട്ടി കടുത്ത പ്രതിരോധത്തിലായ സാഹചര്യത്തിലാണു സെക്രട്ടറിസ്ഥാനം ഒഴിയാൻ കോടിയേരി ആലോചിക്കുന്നത്.
ഇക്കാര്യം അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടു സംസാരിച്ചതായാണു വിവരം. ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാനാണു യെച്ചൂരി നിർദേശിച്ചത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകാനാണു സാധ്യത.
കേരളത്തിൽ സർക്കാരിലും പാർട്ടിയിലും ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലാണു സിപിഎം കേന്ദ്ര നേതൃത്വം.
സർക്കാരും പാർട്ടിയും രണ്ടു വഴിക്കു സഞ്ചരിച്ചതിന്റെ പരിണതഫലമാണു സംസ്ഥാനത്തെ വിവാദങ്ങളെന്നും പാർട്ടിയിൽ തിരുത്തലുകൾ അടിയന്തരമായി നടത്തണമെന്നും സംസ്ഥാന നേതൃത്വത്തിനു സിപിഎം കേന്ദ്ര നേതൃത്വം നിർദേശം നൽകി.
സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യത്യസ്ത വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ പ്രതിസ്ഥാനത്താണ്.
കോടിയേരിയുടെ മകൻ മയക്കുമരുന്നു കേസിൽ പ്രതിചേർക്കപ്പെട്ടതിൽ എന്തു മറുപടി പറയണമെന്ന ആശയക്കുഴപ്പത്തിലാണു സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാരിലും പാർട്ടിയിലും നേതൃമാറ്റത്തെ സംബന്ധിച്ചുപോലും പാർട്ടി കേന്ദ്ര നേതാക്കൾക്കിടയിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.
ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിലൂടെ ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സിപിഎമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുകയാണ്.
മയക്കുമരുന്നു കച്ചവടത്തിലൂടെ ബിനീഷ് കോടികൾ സന്പാദിച്ചുവെന്ന ഇഡിയുടെ റിപ്പോർട്ട,് കേസ് മുന്നോട്ടുപോകുന്പോൾ എവിടെച്ചെന്നെത്തുമെന്ന ഭയവും പാർട്ടി നേതൃത്വത്തിനുണ്ട്.
ബിനീഷ് മയക്കുമരുന്നു കേസിൽ പ്രതിയായതിൽ കോടിയേരി വലിയ മാനസിക സംഘർഷത്തിലാണ്. പാർട്ടി സെക്രട്ടറിസ്ഥാനത്തു തുടരുന്നതു ധാർമികമായി ശരിയല്ലെന്ന് അദ്ദേഹം വിശ്വസ്തരായ നേതാക്കളോടു പറഞ്ഞെങ്കിലും തത്കാലം ഒഴിയേണ്ടതില്ലെന്ന അഭിപ്രായമാണ് അവർ പങ്കിട്ടത്.
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയണ്ട ആവശ്യമില്ലെന്നു യെച്ചൂരി പറഞ്ഞെങ്കിലും നിലവിലെ പ്രതിസന്ധി മാറിക്കിട്ടാൻ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനിൽക്കണമെന്ന അഭിപ്രായത്തിനാണു പിബിയിൽ മുൻതൂക്കം.
എം. പ്രേംകുമാർ