തൊടുപുഴ: യാത്രക്കാരുടെ നടുവൊടിക്കുന്ന നിലയിലാണ് തൊടുപുഴയിലെ കെഎസ്ആര്‍ടിസി താല്‍ക്കാലിക സ്റ്റാന്‍ഡ്. വേനല്‍മഴ എത്തിയതോടെ കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്‍ഡ് കുളമായി. ബസില്‍ ഇരിക്കുന്നവരും കാല്‍നടയാത്രക്കാരും ജീവന്‍ പണയം വച്ചാണ് സഞ്ചരിക്കുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ വീഴാതെയും ബസുകള്‍ എത്തുമ്പോള്‍ ദേഹത്തു ചെളിവെള്ളം തെറിക്കാതെയും ബുദ്ധിമുട്ടിയാണ് സ്റ്റാന്‍ഡിനുള്ളിലൂടെ നടക്കാന്‍.
ബസിനുള്ളില്‍ ഇരിക്കുന്നവരുടെയും സ്ഥിതി ദയനീയമാണ്. കുഴിയില്‍ വീണ് ആടിയുലുന്ന ബസില്‍ താഴെ വീഴാതെ പിടിച്ചു നില്‍ക്കുകയെന്നത് ദുഷ്കരമാണ്. പ്രായമായവരും കൈകുഞ്ഞുങ്ങളുമായി ബസില്‍ യാത്രചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബസിനുള്ളിലും പുറത്തും ഒരേ പോലെ അപകടമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. മഴക്കാലം വരുന്നതിനു മുമ്പേ ഇതാണ് അവസ്ഥയെങ്കില്‍ പിന്നീട് കാര്യങ്ങള്‍ ഇതിലും മോശമാകുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തല്‍.
പുതിയ ബസ് സ്റ്റാന്‍ഡിന്റെ പണിനടക്കുന്നതിനാല്‍ താല്‍കാലിക സ്റ്റാന്‍ഡിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. അതിനാല്‍ താല്‍കാലിക സ്റ്റാന്‍ഡിന്റെ അറ്റകൂറ്റപണികള്‍ നടത്താന്‍ അധികൃതരുടെ ഇടപെടല്‍ വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. മഴശക്തമാകും മുമ്പ് യാത്രക്കാരുടെ ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.